Friday, May 17, 2024
spot_img

രണ്ടാം ദിനവും സംഘർഷഭരിതമായി തലസ്ഥാനം !പോലീസ് ആസ്ഥാനത്തേക്ക് കെഎസ്‍യു മാർച്ചിൽ പോലീസ് ലാത്തി വീശി; മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് അടക്കം പരിക്ക്

കെഎസ്‍യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പോലീസ് ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. കെപിസിസി ആസ്ഥാനത്തുനിന്നാണ് കെഎസ്‌യു മാര്‍ച്ച് ആരംഭിച്ചത്. വഴിയിലുണ്ടായിരുന്ന നവകേരള സദസിന്റെ ബോർഡുകൾ പ്രവർത്തകർ തകര്‍ത്തു. മാത്യു കുഴൽനാടൻ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തതിനുശേഷം സംഘർഷം ആരംഭിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൊട്ട് പിന്നാലെ നടത്തിയ ലാത്തിചാർജിൽ പ്രവർത്തകർക്ക് പരിക്കേറ്റു. റോഡിൽ വീണ പ്രവർത്തകരെ പോലീസ് വളഞ്ഞിട്ടടിച്ചു.

അതേസമയം പ്രതിഷേധക്കാർ തങ്ങൾക്ക് നേരെ മുളകുപൊടി എറിഞ്ഞതായി പോലീസ് ഉദ്യോഗസ്ഥർ ആരോപിച്ചു. മുളക് പൊടി എറിഞ്ഞതോടെയാണ് പൊലീസ് ലാത്തിവീശിയത്. സ്ഥലത്തുണ്ടായിരുന്ന തങ്ങളുടെ ഷെഡിൽ കെഎസ്‌യു പ്രവര്‍ത്തകർ നാശം വരുത്തിയതായി സിഐടിയു ആരോപിച്ചു. ഇതേത്തുടർന്ന് സിഐടിയു ഇന്ന് വൈകിട്ട് പാളയത്ത് പ്രകടനം നടത്തും

പ്രവർത്തകരെ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റി. പരിക്കേറ്റ പ്രവർത്തകരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സമരം ശക്തമായി തുടരുമെന്ന് കെഎസ്‌യു പ്രവർത്തകർ പറഞ്ഞു. ജലപീരങ്കി പ്രയോഗിക്കുമ്പോൾ തന്നെ പൊലീസ് ലാത്തി വീശുകയായിരുന്നെന്ന് സ്ഥലത്തെത്തിയ എം. വിൻസെന്റ് എംഎൽഎ പറഞ്ഞു. കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷന്‍ അലോഷി സേവ്യറിനെ റോഡിൽ വലിച്ചിഴച്ച ശേഷം അറസ്റ്റ് ചെയ്ത് മാറ്റി. പോലീസ് ലാത്തി ചാർജിൽ മാത്യു കുഴൽനാടൻ എംഎൽഎക്ക് പരുക്കേറ്റു.

Related Articles

Latest Articles