Wednesday, December 31, 2025

അന്വേഷണം പുരോഗമിക്കുന്നു; ബാലഭാസ്കറിന്റെ അപകട മരണം പുനരാവിഷ്കരിച്ചു, വാഹനത്തിന്റെ സീറ്റ് ബെല്‍റ്റുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി ലാബിലേക്ക്

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം വഴിത്തിരിവിലേക്ക്. അന്വേഷണ സംഘം
അപകടം പുനരാവിഷ്കരിച്ചു. അപകടത്തില്‍പെട്ട വാഹനത്തിന്റെ വിദഗ്ധ പരിശോധനയ്ക്കു പുറമേ വാഹനം ട്രയല്‍ ഓടിച്ചും അന്വേഷണ സംഘം പരിശോധനകള്‍ നടത്തി.

അപകടത്തില്‍ പെട്ട വാഹനത്തിന്റെ സീറ്റ് ബെല്‍റ്റുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോയി. ക്രൈംബ്രാഞ്ച് സംഘം, മോട്ടര്‍ വാഹന വകുപ്പ്, ഫോറന്‍സിക്ക് വിഭാഗം, വാഹനത്തിന്റെ കമ്പനിയുടെ പ്രതിനിധികള്‍ തുടങ്ങിയര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. അപകട സമയത്തെ കൃത്യമായ സാഹചര്യം മനസിലാക്കാന്‍ വേണ്ടിയാണ് അപകടം പുനരാവിഷ്കരിച്ചത്.

അപകട സമയത്ത് ആരാണ് വാഹനം ഓടിച്ചിരുന്നത് എന്നത് സംബന്ധിച്ചുള്ള കൃത്യമായ സ്ഥിരീകരണമായിട്ടില്ല. പരുക്കുകളുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ അര്‍ജുനാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ കണ്ടെത്തല്‍. എന്നാല്‍ ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്ന അര്‍ജുന്റെ മൊഴി നിലനില്‍ക്കുന്നുമുണ്ട്.

അതിനാല്‍ ശാസ്ത്രീയ തെളിവുകളിലൂടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണ സംഘം അന്തിമ തീരുമാനത്തിലെത്തുക. ഇതിനു വേണ്ടി കൂടിയാണ് വാഹനത്തിന്റെ സീറ്റ് ബെല്‍റ്റുകള്‍ ഫോറന്‍സിക്ക് പരിശോധനകള്‍ക്ക് വിധേയമാക്കുന്നതെന്ന് അന്വഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു .

Related Articles

Latest Articles