Thursday, January 8, 2026

തൊടുപുഴയില്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു

തൊടുപുഴ: തൊടുപുഴയില്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സുഹൃത്ത് തൊടുപുഴ അച്ഛന്‍കാനം സ്വദേശി വിനു, കുത്തേറ്റ മലങ്കര സ്വദേശി ലിബിന്‍ എന്നിവര്‍ക്കെതിരെയാണ് കൊലപാതക ശ്രമത്തിന് കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കും.

സംഘര്‍ഷത്തിനിടയില്‍ വിനുവാണ് ലിബിനെ കുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കല്ലുകൊണ്ട് ലിബിന്‍ തലക്ക് ഇടിച്ചതായി വിനു മൊഴി നല്‍കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെയും പരുക്കേറ്റ നാലുപേരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരും സംസാരിച്ച് നിന്നത് ചോദ്യം ചെയ്യാനെത്തിയ സംഘത്തിലൊരാള്‍ തന്‍റെ കൈയില്‍ കടന്നുപിടിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ഇയാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞ ശേഷമായിരിക്കും പോക്സോ ചുമത്തുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുക.

തോളിന് കുത്തേറ്റ ലിബിന്‍ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ലിബിന്‍റെ സുഹൃത്തുക്കളായ അനന്തു, ശ്യാംലാല്‍, പെണ്‍കുട്ടിയുടെ സുഹൃത്ത് വിനു എന്നിവര്‍ തൊടുപുഴ താലുക്ക് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. പെണ്‍കുട്ടിയെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം മാതാപിതാക്കള്‍ക്കൊപ്പം അയച്ചു. ചികിത്സയിലുള്ളവര്‍ ആശുപത്രി വിടുന്നതോടെയായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുക. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് കുത്തേറ്റ ലിബിന്‍. സദാചാര ഗുണ്ടായിസം നടന്നിട്ടില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Related Articles

Latest Articles