Saturday, September 19, 2026

മന്ത്രിമാരുടെ ആദായ നികുതി ഇനിമുതല്‍ സർക്കാർ ഖജനാവിൽ നിന്ന് അടയ്ക്കില്ല: നിർണ്ണായക തീരുമാനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

ലഖ്നൗ- ഉത്തര്‍പ്രദേശില്‍ നിർണ്ണായക തീരുമാനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.മന്ത്രിമാരുടെ ആദായനികുതി സർക്കാർ ഖജനാവിൽ നിന്ന് അടയ്ക്കുന്ന രീതി യോഗി ആദിത്യനാഥ് സർക്കാർ അവസാനിപ്പിച്ചു. കഴിഞ്ഞ 40 വർഷത്തോളമായി ഉത്തർപ്രദേശിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും ആദായനികുതി നൽകുന്നത് പൊതുഖജനാവിൽ നിന്നായിരുന്നു. 1981ൽ സംസ്ഥാനത്ത് പാസാക്കിയ ഉത്തർപ്രദേശ് മിനിസ്റ്റേഴ്‌സ് സാലറീസ്, അലവൻസസ് ആൻഡ് മിസിലിനിയസ് ആക്ടാണ് മന്ത്രിമാർക്ക് ഈ ആനുകൂല്യം ലഭ്യമാക്കിയിരുന്നത്.കഴിഞ്ഞ നാലുപതിറ്റാണ്ടായി പൊതുഖജനാവിലെ പണം മന്ത്രിമാരുടെ ആദായനികുതിക്കായി ചെലവഴിച്ചിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം ഏകദേശം 86 ലക്ഷം രൂപയാണ് മന്ത്രിമാരുടെ നികുതിക്കായി ട്രഷറിയിൽനിന്ന് ചിലവഴിച്ചതെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൾ. വി. പി. സിങ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1981ൽ ആയിരുന്നു ഉത്തർപ്രദേശിൽ ഈ നിയമം പാസാക്കിയത്. അന്നത്തെ മന്ത്രിമാരിൽ പലരും താഴ്ന്ന ജീവിതസാഹചര്യത്തിൽ നിന്നുള്ളവരായതിനാൽ ആദായനികുതി അവർക്ക് അധികബാധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ നിയമം അവതരിപ്പിച്ചത്. തുടർന്ന് ഉത്തർപ്രദേശ് നിയമസഭ ഇത് പാസാക്കുകയും ചെയ്തു. എന്നാൽ സാഹചര്യങ്ങൾ മാറുകയും പല സർക്കാരുകൾ മാറിമാറി അധികാരത്തിലെത്തുകയും ചെയ്തിട്ടും ആരും ഈ നിയമത്തിൽ മാറ്റംവരുത്തിയിരുന്നില്ല.

Related Articles

Latest Articles