Saturday, May 18, 2024
spot_img

പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ റാഗിംഗ് കേസ് ! രണ്ട് വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ റാഗിംഗ് കേസിൽ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇടക്കാല ഉത്തരവായാണ് രണ്ട് വിദ്യാർത്ഥികളുടെ സസ്പെൻഷന് സ്റ്റേ അനുവദിച്ചത്. സംഭവത്തിൽ ആന്‍റി റാംഗിങ് കമ്മിറ്റിയോട് റിപ്പോർട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എഫ്ഐയുടെ ആൾക്കൂട്ട വിചാരണയിൽ സിദ്ധാർത്ഥൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ കടുത്ത പ്രതിഷേധത്തിനിടെ കഴിഞ്ഞ കൊല്ലം നടന്ന റാഗിങ്ങ് ആരോപണത്തിലും അധികൃതർ നടപടിയെടുക്കുകയായിരുന്നു. അമരേഷ് ബാലി, അജിത് അരവിന്ദാക്ഷൻ എന്നീ വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ വർഷം ഈ വിദ്യാർത്ഥികൾ 2021 ബാച്ചിലെ വിദ്യാർത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇവർക്കെതിരെ തെളിവുകളോ പരാതിയോ ആന്‍റി റാഗിംങ് സമിതിക്ക് ലഭിച്ചിരുന്നില്ല. റാഗ് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെട്ട വിദ്യാർത്ഥിയും പരാതി നൽകിയില്ല.

നേരത്തെയും ഇത്തരം സംഭവങ്ങൾ ഇവിടെ നടക്കാറുണ്ടെന്ന് വരുത്തി തീർത്ത് സിദ്ധാർത്ഥന്‍റെ റിപ്പോർട്ടിന് കൂടുതൽ ബലം നൽകാനാണ് ആന്റി റാഗിങ് സമിതി ശ്രമിച്ചതെന്നായിരുന്നു ഹർജിക്കാരുടെ വാദം. കേസിൽ നാലുപേർക്ക് എതിരെ ആയിരുന്നു നടപടി. 2 പേരെ ഒരു വ‍ര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തപ്പോൾ 2 പേരുടെ സ്കോളര്‍ഷിപ്പ് റദ്ദാക്കുകയായിരുന്നു.

Related Articles

Latest Articles