Thursday, May 16, 2024
spot_img

സിദ്ധാർത്ഥന്റെ കൊലപാതകം !കേസ് കൈമാറിക്കൊണ്ടുള്ള അറിയിപ്പ് ഇതുവരെയും സിബിഐയ്ക്ക് കിട്ടിയിട്ടില്ലെന്ന ഗുരുതര വെളിപ്പെടുത്തലുമായി രാജീവ് ചന്ദ്രശേഖർ ! സംസ്ഥാനസർക്കാർ കാലതാമസം വരുത്തുന്നത് എന്തുകൊണ്ടെന്നും കേന്ദ്രമന്ത്രിയുടെ ചോദ്യം

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ എസ്എഫ്ഐയുടെ ക്രൂരമർദ്ദനത്തിനും ആൾക്കൂട്ടവിചാരണയ്ക്കും ഇരയായി സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാന സർക്കാരിൽ നിന്ന് സിബിഐക്ക് ഫയൽ പോയിട്ടില്ലെന്ന ഗുരുതര വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. കേസ് ഫയൽ സിബിഐക്ക് കൈമാറുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് 24 മണിക്കൂറിനകം റഫര്‍ ചെയ്യേണ്ടതായിരുന്നെന്ന് വ്യക്തമാക്കിയ രാജീവ് ചന്ദ്രശേഖർ സിബിഐ അന്വേഷണത്തിന് മുമ്പ് എന്തിനാണ് വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതെന്നും ചോദിച്ചു. കേസിനെ തട്ടിക്കളിക്കാൻ സമ്മതിക്കില്ലെന്നും ഉടൻ സിബിഐ അന്വേഷണം തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്തെന്നും സര്‍ക്കാര്‍ വിജ്ഞാപനം വന്നയുടൻ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയച്ചു കൊടുത്തുവെന്നുമായിരുന്നു സംസ്ഥാന ആഭ്യന്തര വകുപ്പ് പറഞ്ഞിരുന്നത്.

നേരത്തെ സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് , രാജീവ് ചന്ദ്രശേഖറിനെ കാണാൻ എത്തിയിരുന്നു. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുമോ എന്ന് ആശങ്കയുണ്ടെന്നും അതിനാലാണ് രാജീവ് ചന്ദ്രശേഖറോട് സഹായം തേടിയതെന്നും ജയപ്രകാശ് പ്രതികരിച്ചു. അദ്ദേഹത്തിന് എല്ലാ വിധ സഹായങ്ങളും രാജീവ് ചന്ദ്രശേഖർ വാഗ്ദാനം ചെയ്തു.

നേരത്തെ കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് പ്രതിഷേധത്തിന്‍റെ വാമൂടിക്കെട്ടാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജയപ്രകാശ് സംശയമുന്നയിച്ചിരുന്നു.

“ഈ മാസം ഒൻപതിനാണ് സിദ്ധാര്‍ഥന്‍റെ മരണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതോടെ സംസ്ഥാന പൊലീസിന്‍റെ അന്വേഷണം നിലച്ചു. സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തിട്ടുമില്ല. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കേസില്‍ ഒരു പുരോഗതിയുമില്ല തെളിവുകള്‍ പലതും നശിപ്പിക്കുന്നതായും കേസ് തേയ്ച്ചുമായ്ച്ചു കളയാനാണ് ശ്രമം. ” – ജയപ്രകാശ് ആരോപിച്ചു. കുടുംബത്തിന്‍റെ ആവശ്യത്തിനൊപ്പം സംസ്ഥാനം മുഴുവൻ പ്രതിഷേധം നടന്നു കൊണ്ടിരിക്കവെയാണ് മുഖ്യമന്ത്രി, സിദ്ധാർത്ഥന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

Related Articles

Latest Articles