തിരുവനന്തപു രം: കാട്ടാക്കട പൂഴനാട് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കേസില്‍ കുഞ്ഞിന്റെ അമ്മയായ 21-കാരി ഷംന കുറ്റം സമ്മതിച്ചു. നിലവില്‍ ഒന്നര വയസ്സുള്ള ഒരു കുട്ടി ഷംനയ്‌ക്കുണ്ട്. രണ്ടാമതൊരു കുഞ്ഞിനെ കൂടി വളര്‍ത്താനുള്ള പ്രയാസമാണ് കൊലയിലേക്ക് നയിച്ചതെന്ന് യുവതി പോലീസിന് മൊഴി നൽകി.
ഞായറാഴ്ച വീട്ടില്‍ വെച്ചായിരുന്നു യുവതി പ്രസവിച്ചത്. ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവില്‍ നിന്ന് പോലും മറച്ചുവെച്ചായിരുന്നു പ്രസവം. പ്രസവത്തിന് ശേഷം കട്ടിലിനടിയില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് വയറുവേദനയാണെന്ന് ഭര്‍ത്താവിനോട് പറഞ്ഞ് ആശുപത്രിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തുന്നത്.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ കണ്ട മുറിപ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. പോസ്റ്റുമോർട്ടത്തിൽ കുഞ്ഞ് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായി. ഇതോടെ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഷംന കുറ്റം സമ്മതിക്കുകയായിരുന്നു.ദാരിദ്ര്യമോ മറ്റ് ബുദ്ധിമുട്ടുകളോ ആണോ അതോ മാനസികമായ കാരണങ്ങളാണോ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

