തിരുവന്തപുരം: പിഎഫ്ഐ ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ വ്യാപക റെയ്ഡ്. പത്തനംതിട്ടയിലെ കോന്നിയിലും കുമ്മണ്ണൂരിലും പൊലീസ് നടത്തിയ പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് ഷായെ അറസ്റ്റ് ചെയ്തു. തൃശൂർ പുന്നയൂർക്കുളത്ത് എസ്ഡിപിഐ പ്രവർത്തകരായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മംഗലാപുരത്തേക്ക് പോവുകയായിരുന്നു ലോറി എറിഞ്ഞുതകർത്തതിനാണ് നടപടി. കണ്ണൂർ മട്ടന്നൂരിൽ പെട്രോൾ ബോംബെറിഞ്ഞ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി. ഇടുക്കിയിൽ പോപ്പുലർ ഫ്രണ്ട് പ്രകടനത്തിൽ പങ്കെടുത്ത ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു.
കോന്നി കുമ്മണ്ണൂരിലുള്ള അജ്മലിൻ്റെയും മുഹമ്മദ് ഷായുടെയും ഉൾപ്പെടെ നാല് വീടുകളിൽ റെയ്ഡ് ആരംഭിച്ചത് ഇന്ന് രാവിലെയാണ് . കോന്നി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇവിടെ എത്തിയത്. ഇവർ ഹർത്താലുമായി ബന്ധപ്പെട്ട് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആളുകളായിരുന്നു. അതിനുപുറമേ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കൾ കൂടിയാണ്. ഈ രണ്ടു വീടുകളിലും ഒരേ സമയമാണ് റെയ്ഡ് നടന്നത്. പരിശോധനയിൽ പൊലീസ് ചില സുപ്രധാന രേഖകൾ പിടിച്ചെടുക്കുകയും മുഹമ്മദ് ഷാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

