തൃശ്ശൂർ: മണ്ണുത്തിയില്‍ മുള്ളന്‍പന്നിയുടെ മാംസം കടത്താൻ ശ്രമിച്ച കേസിൽ ഒരാള്‍ പിടിയില്‍. തൊടുപുഴ സ്വദേശി ദേവസ്വയേയാണ് തൃശൂരില്‍ നിന്നും എക്സൈസ് സംഘം പിടികൂടിയത്. മഞ്ഞപ്പൊടിയിലിട്ട് ഉണക്കിയ നിലയിലായിരുന്നു മാംസം. പാലക്കാട്, മണ്ണുത്തി ദേശീയ പാതയില്‍ പരിശോധന നടത്തിയ എക്സൈസ് സംഘം യാദൃശ്ചികമായാണ് മുളളന്‍ പന്നിയുടെ മാംസം പിടികൂടിയത്. പാലക്കാട് നിന്ന് കോട്ടയത്തേക്ക് പോയ ബസിലായിരുന്നു മുള്ളന്‍പന്നിയുടെ ഉണക്ക മാംസവും ഉടുമ്പിന്റെ പച്ച മാംസവും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശിയായ ദേവസ്വയെ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.അബൂദുള്ളിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മഞ്ഞ പൊടിയിട്ട് ഉണക്കി സൂക്ഷിച്ച നിലയിലായിരുന്നു മുള്ളന്‍പന്നിയുടെ മാംസം. കവറുകളില്‍ പൊതിഞ്ഞ് ട്രാവല്‍ ബാഗിലാക്കി മറ്റുള്ളവര്‍ക്ക് സംശയം തോന്നാതെയാണ് മാംസം കടത്തിയിരുന്നത്. തൊടുപുഴയിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടു പോകവേയാണ് എക്സൈസ് സംഘം പിടികൂടിയത്. തുടര്‍നടപടികള്‍ക്കായി പ്രതിയെ മാന്നാ മംഗലം ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.

