Monday, May 20, 2024
spot_img

”എല്ലാ നല്ല കാര്യങ്ങൾക്കും അവസാനമായിരിക്കുന്നു‌”; വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്പിന്‍ മാന്ത്രികൻ ഹര്‍ഭജന്‍ സിങ്

മുംബൈ: ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ് (Harbhajan Singh) എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിരമിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട ബ്രഹത്തായ കരിയർ മതിയാക്കുന്നതായി ഹർഭജൻ അറിയിച്ചത്. വിരമിക്കല്‍ പ്രഖ്യാപിച്ച് ഐപിഎല്‍ ടീമിന്റെ പരിശീലക സംഘത്തില്‍ ഇടം പിടിക്കുകയെന്നതാണ് ഹര്‍ഭജന്‍ സിങ്ങിന്റെ ലക്ഷ്യമെന്നാണ് ലഭിക്കുന്ന സൂചന.

”എല്ലാ നല്ല കാര്യങ്ങൾക്കും അവസാനമായിരിക്കുന്നു‌ ജീവിതത്തിൽ എല്ലാം തന്ന കളിയോട് ഇന്ന് ഞാൻ വിട പറയുമ്പോൾ, ഈ 23 വർഷത്തെ യാത്ര മനോഹരവും, അവിസ്മരണീയവുമാക്കിയ എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു‌. എന്റെ ഹൃദയം നിറഞ്ഞ നന്ദി.”വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ടുള്ള ട്വിറ്റർ പോസ്റ്റിൽ ഹർഭജൻ കുറിച്ചു.

സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ വളര്‍ന്ന ഹര്‍ഭജന്‍ ടെസ്റ്റില്‍ ഇന്ത്യക്കായി ഹാട്രിക് വിക്കറ്റ് നേടുന്ന ആദ്യത്തെ താരമാണ്. 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഭാഗമാവാന്‍ ഹര്‍ഭജനായി. ഇന്ത്യക്കായി 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28 ടി20യില്‍ നിന്ന് 25 വിക്കറ്റുമാണ് ഹര്‍ഭജന്റെ പേരിലുള്ളത്. ടെസ്റ്റില്‍ 25 തവണ അഞ്ച് വിക്കറ്റ് പ്രകടനവും അഞ്ച് തവണ 10 വിക്കറ്റ് പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്. ടെസ്റ്റില്‍ 400 വിക്കറ്റ് നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും ഹര്‍ഭജനാണ്.

Related Articles

Latest Articles