കോട്ടയം: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദനമേറ്റ് മരിച്ച ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ് മോർട്ടം കോട്ടയത്തേക്ക് മാറ്റിയത്.
സിപിഎം പ്രവർത്തകരായ നാലുപേർ ചേർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ദീപുവിനെ മർദിച്ചത്. കേസിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിൽ വഴിവിളക്കുകൾ മെച്ചപ്പെടുത്താൻ നടപ്പാക്കുന്ന ‘സ്ട്രീറ്റ് ലൈറ്റ് ചലഞ്ച്’ പദ്ധതിയെ കുന്നനാട് എംഎൽഎ പിവി ശ്രീനിജിൻ തകർക്കുന്നെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ 12 നു പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. പ്രതിഷേധം നടക്കുന്നതിനിടെയാണ് നാലു സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന് പരിക്കേറ്റത്.
ദീപുവിനെ വീട്ടിൽ നിന്നും പിടിച്ചിറക്കി മർദിക്കുകയായിരുന്നു. പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേയ്ക്കും മാറ്റുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്കക്ക് 12 മണിയോടെയാണ് മരണം സംഭവിച്ചത്.

