Monday, May 20, 2024
spot_img

മാറ്റിവച്ച സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപണം വ്യാഴാഴ്ച

സ്‌പേസ് എക്‌സ് വികസിപ്പിച്ച സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ മാറ്റിവച്ച ആദ്യ ഓര്‍ബിറ്റല്‍ വിക്ഷേപണ പരീക്ഷണം ഏപ്രില്‍ 20 വ്യാഴാഴ്ച നടക്കും. ടെക്‌സാസിലെ സ്റ്റാര്‍ബേസ് വിക്ഷേപണ കേന്ദ്രത്തിലാണ് റോക്കറ്റ് ഒരുക്കിയിരിക്കുന്നത്.വ്യാഴാഴ്ച വൈകീട്ട് 6.58 മുതല്‍ 8 മണി വരെയാണ് വിക്ഷേപണ പ്രക്രിയ നടക്കുന്നത്.

ഇന്നലെ സ്റ്റാര്‍ഷിപ്പിന്റെ ആദ്യ ഓര്‍ബിറ്റല്‍ വിക്ഷേപണ പരീക്ഷണം നടത്താന്‍ സ്‌പേസ് എക്‌സ് ശ്രമിച്ചെങ്കിലും റോക്കറ്റിന്റെ പ്രഷറന്റ് വാല്‍വിലുണ്ടായ തകരാര്‍ മൂലം മാറ്റി വയ്ക്കുകയായിരുന്നു.

ചരിത്രത്തിൽ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ശക്തിയേറിയ റോക്കറ്റാണിത്. അപ്പോളോ ദൗത്യത്തിന് ഉപയോഗിച്ച സാറ്റേണ്‍ വി റോക്കറ്റിനെയും ആര്‍ട്ടെമിസ് പദ്ധതിയ്ക്ക് ഉപയോഗിക്കുന്ന സ്‌പേസ് ലോഞ്ച് സിസ്റ്റത്തേയും സ്റ്റാർ ഷിപ്പ് മറികടക്കും. ഇത് കൊണ്ട് തന്നെയാണ് അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കാന്‍ ലക്ഷ്യമിട്ടുള്ള ആര്‍ട്ടെമിസ് 3 ദൗത്യത്തിനായി സ്റ്റാര്‍ഷിപ്പിനെ നാസ തിരഞ്ഞെടുത്തത്.

സ്റ്റാർഷിപ് പേടകവും സൂപ്പർഹെവി എന്ന റോക്കറ്റും അടങ്ങുന്നതാണു സ്റ്റാർഷിപ്പ്. പൂർണമായി സ്റ്റെയിൻലെസ് സ്റ്റീലിലാണു ഇവ നിർമ്മിച്ചിരിക്കുന്നത്. നൂറു പേർക്ക് 150 മെട്രിക് ടൺ ഭാരമുള്ള പേടകത്തിൽ സഞ്ചരിപ്പിക്കാനാകും. ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്കോപ്പുകളും ‌ബഹിരാകാശത്തെത്തിക്കാനും ചന്ദ്രനി‍ൽ കോളനിയുണ്ടാക്കാൻ ആളുകളെയും സാമഗ്രികളെയുമൊക്കെ എത്തിക്കാനുംസ്റ്റാർഷിപ്പിന് ശേഷിയുണ്ട്. മീഥെയ്ന‍ാണ് റോക്കറ്റിന്റെ പ്രധാന ഇന്ധനം. 33 എൻജിനുകളാണ് റോക്കറ്റിനെ മുന്നോട്ട് ചലിപ്പിക്കുന്നത്. പേടകത്തിൽ 3 റാപ്റ്റർ എൻജിനുകളും 3 റാപ്റ്റർ വാക്വം എൻജിനുകളുമുണ്ട്.

റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളുടെയും ഭാഗികമായ വിക്ഷേപണ പരീക്ഷണങ്ങള്‍ മുമ്പ് നടത്തിയിട്ടുണ്ടെങ്കിലും ഇരു ഭാഗങ്ങളേയും ഘടിപ്പിച്ച് പൂര്‍ണരൂപത്തിലുള്ള വിക്ഷേപണ വാഹനമായി ഭ്രമണ പഥത്തിലേക്ക് ഇതുവരെയും വിക്ഷേപിച്ചിട്ടില്ല.

സ്റ്റാര്‍ഷിപ്പ് പേടകത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള പരീക്ഷണമാണ് വ്യാഴാഴ്ച നടക്കുന്നത്. എന്നാല്‍ പേടകവും സൂപ്പര്‍ ഹെവി റോക്കറ്റും തിരിച്ചിറക്കാന്‍ ഈ വിക്ഷേപണത്തില്‍ ശ്രമിക്കില്ല.

വിക്ഷേപണ ശേഷം സൂപ്പര്‍ ഹെവി റോക്കറ്റ് മെക്‌സിക്കന്‍ തീരത്ത് കടലിലും ഭ്രമണപഥത്തിലെത്തുന്ന പേടകം രണ്ട് മണിക്കൂറിന് ശേഷം പസഫിക് സമുദ്രത്തിലും പതിക്കും. പേടകത്തെ ഭ്രമണപഥത്തിലെത്തിക്കാനുള്ള റോക്കറ്റിന്റെ ശേഷിയളക്കുകയാണ് ഈ പരീക്ഷണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

Related Articles

Latest Articles