Sunday, May 19, 2024
spot_img

വ്യാജ ഉള്ളടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെടുത്തിയാൽ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം ! രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ ഉള്ളടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെടുത്തിയാൽ 3 മണിക്കൂറിനുള്ളിൽ നീക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോട് കമ്മീഷൻ നിർദേശിച്ചു. നിർമിത ബുദ്ധി ഉപയോ​ഗിച്ച് വ്യാജ പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.

നിലവിലുള്ള നിയമങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളും അനുസരിച്ച് പാർട്ടികൾ അത്തരം ഉള്ളടക്കം മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നും തെറ്റായ വിവരങ്ങളോ അപകീർത്തികരമായ ഉള്ളടക്കമോ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുമ്പോൾ ഉത്തരവാദിത്തം ധാർമ്മികതയും പുലർത്തണമെന്നും കമ്മീഷൻ വ്യക്തമാക്കി.

10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടുന്ന 94 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലെ ഒട്ടേറെ നിര്‍ണായക മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. അസം (4), ബീഹാര്‍ (5), ഛത്തീസ്ഗഡ് (7), ഗോവ (2), ഗുജറാത്ത് (26), കര്‍ണാടക (14), മധ്യപ്രദേശ് (8) എന്നിങ്ങനെയാണ് മൂന്നാംഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. , മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമ ബംഗാള്‍ (4), ജമ്മു കശ്മീര്‍ (1), ദാദ്ര നഗര്‍ഹവേലി, ദാമന്‍ ദിയു (2) എന്നി മണ്ഡലങ്ങളും പോളിങ് ബൂത്തിലെത്തും.

ആദ്യ രണ്ടുഘട്ട വോട്ടെടുപ്പില്‍ ഒന്നാംഘട്ടത്തില്‍ 66.14 ശതമാനവും രണ്ടാംഘട്ടത്തില്‍ 66.71 ശതമാനവുമായിരുന്നു പോളിങ്. നാലാംഘട്ടവോട്ടെടുപ്പ് മെയ് 13നും അഞ്ചാംഘട്ടം മെയ് 20നും ആറാംഘട്ടം മെയ് 25നും ഏഴാംഘട്ടം ജൂണ്‍ ഒന്നിനും നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

Related Articles

Latest Articles