Sunday, May 19, 2024
spot_img

മൂവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകം ! മൂന്ന് പവന്റെ സ്വർണ്ണമാല കൈക്കലാക്കാനായി കൊല നടത്തിയത് സ്വന്തം മകൻ !

മുവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67)യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നത്.സംഭവത്തിൽ മകൻ ജോജോയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പവന്‍റെ സ്വര്‍ണമാലയ്ക്ക് വേണ്ടിയാണ് ഇയാൾ കൊല നടത്തിയത്.

കൗസല്യയുടെ മരണം ആദ്യം ഹൃദയാഘാതം മൂലമോ പ്രായാധിക്യത്താലോ ആണെന്നാണ് ആദ്യം കരുതിയിരുന്നത്. ഞായറാഴ്ച വൈകുന്നേരം ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ, ജോജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും പഞ്ചായത്തംഗത്തെയും അറിയിച്ചത്.

മരണം സ്ഥിരീകരിക്കാൻ പഞ്ചായത്ത് അംഗം കല്ലൂർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരമറിയിച്ചു. തുടർന്ന് സ്‌ഥലത്തെത്തി കൗസല്യയെ പരിശോധിച്ച ഡോക്‌ടറാണ് സ്വാഭാവിക മരണമല്ലെന്ന് പോലീസിനെ അറിയിച്ചത്. കഴുത്തിലെ പാടുകളും രക്തം കട്ട പിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയം ഉയർന്നു.

തുടർന്ന് തിങ്കളാഴ്ച രാവിലെ മക്കളായ സിജോയെയും ജോജോയെയും വിശദമായ ചോദ്യം ചെയ്യുന്നതിനിടെയാണ് ജോജോ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് വൈദ്യപരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കി.

വീടിന്‍റെ ശുചിമുറിയിൽ നിന്ന് പ്രതി മാല കണ്ടെടുത്ത് പോലീസിന് നൽകി.കൗസല്യയുടെ മൃതദേഹം ചൊവ്വാഴ്ച പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. യുകെയിലുള്ള മകൾ മഞ്ജു നാട്ടിൽ എത്തിയതിനു ശേഷമാകും സംസ്‌കാര ചടങ്ങുകൾ നടക്കുക

Related Articles

Latest Articles