പാഴ്സല്‍ വാങ്ങിയ ഊണില്‍ അച്ചാറില്ലെന്ന് ആരോപിച്ച് ഉപഭോക്താവ് നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കോടതി. ഹോട്ടൽ ഉടമ നഷ്ടപരിഹാരമായി 35,250 രൂപ പിഴ നൽകണം. 45 ദിവസത്തിനകം പണം അടച്ചില്ലെങ്കിൽ പ്രതിമാസം 9 ശതമാനം പലിശ സഹിതം പിഴയും നൽകണമെന്നും കോടതി ഉത്തരവിട്ടു. തമിഴ്നാട് വില്ലുപുരത്തെ ഹോട്ടൽ ഉടമയ്ക്കാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മീഷൻ പിഴ ചുമത്തിയത്.
രണ്ട് വർഷം മുമ്പത്തെ സംഭവത്തിലാണ് നടപടി. അന്ന് ഉപഭോക്താവ് ഹോട്ടലിൽ നിന്ന് 2000 രൂപക്ക് ആരോഗ്യസ്വാമി 25 പാഴ്സൽ ഊൺ വാങ്ങി. 80 രൂപക്ക് ചോറ്, സാമ്പാർ, രസം, മോര്, വട, വാഴയില, കറികൾ, ഒരു അച്ചാർ എന്നിവയുൾപ്പെടെ കിട്ടും എന്നായിരുന്നു ഹോട്ടലുകാർ പറഞ്ഞത്. എന്നാൽ പൊതിച്ചോറ് തുറന്നു നോക്കിയപ്പോൾ ചോറിനൊപ്പം അച്ചാറില്ല.
ഭക്ഷണത്തിൽ അച്ചാർ ഇല്ലാത്ത വിവരം ഹോട്ടലുകാരെ അറിയിക്കുകയും അച്ചാറിന് വരുന്ന 25 രൂപ തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഹോട്ടൽ ഉടമ ഇത് ഗൗരവമായി എടുക്കാതെ വന്നതോടെ ആരോഗ്യസാമിയും വിട്ടുകൊടുത്തില്ല. നിയമ പോരാട്ടം നടത്തിയിട്ടാണെങ്കിലും തനിക്ക് കിട്ടേണ്ട 25 രൂപ നേടിയെടുക്കുമെന്ന് തീരുമാനിച്ചു. തുടർന്ന് വില്ലുപുരം ജില്ലാ ഉപഭോക്തൃ കോടതിയിൽ ആരോഗ്യസാമി കേസ് ഫയൽ ചെയ്യുകയായിരുന്നു. ഈ ഹർജി പരിഗണിച്ച കോടതി, ഭക്ഷണത്തിന് അച്ചാർ നൽകാത്തത് ഹർജിക്കാരനെ മാനസിക വിഷമത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടി ഹോട്ടലിന് 35,000 രൂപ പിഴയിടുകയും അച്ചാറിന്റെ 25 രൂപ അടയ്‌ക്കാനും നിർദ്ദേശിക്കുകയായിരുന്നു.

