Thursday, October 22, 2026

മഴ കൈവിട്ടതിനു പിന്നാലെ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിനു സാധ്യത: പവര്‍ക്കട്ട്‌ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: മഴ കൈവിട്ടതിനു പിന്നാലെ കേരളത്തിൽ കൂടുതല്‍ വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയേറി. ഇന്നു കൂടുന്ന വൈദ്യുതി ബോര്‍ഡിന്റെ ഉന്നതതല യോഗത്തിലേക്ക്‌ ഉറ്റുനോക്കുകയാണ് സംസ്‌ഥാനം.

സെന്‍ട്രല്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നു കിട്ടുന്ന വൈദ്യുതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 250- 300 മെഗാവാട്ടുവരെ കുറവുവന്നതാണ്‌ പ്രതിസന്ധിക്ക്‌ ആക്കംപകരുന്നത്‌. ഇതോടെ രണ്ടു ദിവസമായി സംസ്‌ഥാനത്തു പലയിടങ്ങളിലും വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തി. പ്രതിദിനം 70 മില്യന്‍ യൂണിറ്റ്‌ വൈദ്യുതിയാണു കേരളത്തിനു വേണ്ടത്‌. ഇവിടെ ഉല്‍പാദിപ്പിക്കുന്നത്‌ 9- 12 മില്യന്‍ യൂണിറ്റാണ്‌.

ബാക്കി 58- 60 മില്യന്‍ യൂണിറ്റ്‌ വൈദ്യുതിയും പുറത്തുനിന്നാണ്‌. ഇതിന്റെ ലഭ്യത ഇനിയും കുറഞ്ഞേക്കുമെന്നതാണു മറ്റൊരു ഷോക്ക്‌. മറ്റു സംസ്‌ഥാനങ്ങളില്‍ വൈദ്യുതി ഉപഭോഗം കൂടിയതും വില ഉയര്‍ന്നതും കേരളത്തിനു തിരിച്ചടിയായി.
കഴിഞ്ഞ ജൂലൈ 12 വരെ ഡാമുകളില്‍ 2,363 മില്യന്‍ യൂണിറ്റ്‌ വൈദ്യുതി ഉല്‍പാദനത്തിനുള്ള വെള്ളം ഉണ്ടായിരുന്നു. ഇപ്പോള്‍ 502 മില്യന്‍ യൂണിറ്റ്‌ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമേ സംഭരണികളിലുള്ളൂ. നിലവില്‍ കൂടുതല്‍ വെള്ളമുള്ളത്‌ പെരിങ്ങല്‍ക്കുത്തിലാണ്‌-28%. പ്രധാന ഡാമുകളായ ഇടുക്കിയില്‍-13%, ഷോളയാര്‍-15%, ഇടമലയാര്‍- 11%, കുണ്ടള- 13%, മാട്ടുപെട്ടി- 7%, പമ്പ- 8%, താരിയോട്‌- 22% വെള്ളമാണുള്ളത്‌.

ആഭ്യന്തര ഉല്‍പാദനം അതേപടി നിലനിര്‍ത്താനും പുറത്തുനിന്ന്‌ 55 മില്യന്‍ യൂണിറ്റ്‌ വൈദ്യുതി എത്തിക്കാനുമായാല്‍ ഈ 31 വരെ വൈദ്യുതിനിയന്ത്രണമില്ലാതെ മുന്നോട്ടുപോകാമെന്നാണു ബോര്‍ഡ്‌ ചെയര്‍മാന്‍ അറിയിച്ചിരുന്നത്‌. എന്നാല്‍, പുറത്തുനിന്നുള്ള വൈദ്യുതി പ്രതീക്ഷച്ചത്ര കിട്ടുന്നില്ലെങ്കില്‍ അധിക നിയന്ത്രണങ്ങള്‍ക്കു കളമൊരുങ്ങും.

Related Articles

Latest Articles