Saturday, May 18, 2024
spot_img

രാജ്യം അഭിമാനിക്കുന്നു നിന്നെയോർത്ത് …ചെസ് ലോകകപ്പിൽ പ്രഗ്നാനന്ദ രണ്ടാമൻ !

ബാക്കു : ചെസ് ലോകകപ്പ് കിരീടം നോർവീജിയൻ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്. ഇന്ന് നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ അത്ഭുത ബാലൻ ആര്‍. പ്രഗ്നാനന്ദയെ ടൈ ബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് (1.5 – 0.5) കാള്‍സൻ കരിയറിലെ ആദ്യ ലോകകപ്പ് കിരീടത്തിൽ ചുംബനമിട്ടത്. ടൈ ബ്രേക്കറില്‍ അടിതെറ്റിയെങ്കിലും ഫൈനലിലെ ആദ്യ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയിലാക്കിയ പ്രഗ്നാനന്ദ പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീട്ടിയിരുന്നു. ഒടുവില്‍ ടൈ ബ്രേക്കറിലെ ആദ്യ ഗെയിം സ്വന്തമാക്കിയ കാള്‍സന്‍, രണ്ടാം ഗെയിം സമനിലയിലാക്കിയാണ് കിരീടം സ്വന്തമാക്കിയത്. അസര്‍ബൈജാന്റെ നിജാത് അബാസോവിനെ പരാജയപ്പെടുത്തിയായിരുന്നു കാള്‍സന്റെ ഫൈനല്‍ പ്രവേശം.

വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസ് ലോകകപ്പ് ഫൈനലലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം നേരത്തേ തന്നെ പ്രഗ്നാനന്ദ സ്വന്തമാക്കിയിരുന്നു. 2005-ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് രീതിയിലേക്ക് മാറിയതിനുശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പ്രഗ്നാനന്ദ. സെമിയില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനോയെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ഫൈനല്‍ പ്രവേശനം. ഇതിനൊപ്പം ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡിങ് ലിറന്റെ എതിരാളിയെ നിശ്ചയിക്കുന്ന കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ കളിക്കാനും പ്രഗ്നാനന്ദ യോഗ്യതനേടി. കാന്‍ഡിഡേറ്റ് ചെസിന് യോഗ്യതനേടുന്ന പ്രായംകുറഞ്ഞ മൂന്നാമത്തെ താരമാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടന്ന ഫൈനലിലെ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളും സമനിലയിലായതോടയാണ് ജേതാവിനെ നിര്‍ണയിക്കാനുള്ള പോരാട്ടം ഇന്നത്തെ ടൈ ബ്രേക്കറിലേക്ക് നീണ്ടത്. 35 നീക്കങ്ങള്‍ക്ക് ശേഷമാണ് ആദ്യ ഗെയിമില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞത്. രണ്ടാം ഗെയിം 30 നീക്കങ്ങള്‍ക്ക് ശേഷവും സമനിലയിലായി.

ലോകറാങ്കിങ്ങില്‍ 29-ാം സ്ഥാനത്തുള്ള പ്രഗ്നാനന്ദ നാലാം റൗണ്ടില്‍ ലോകറാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്തുള്ള അമേരിക്കയുടെ ഹികാരു നകാമുറയെ തോല്‍പ്പിച്ചാണ് മുന്നേറിയത്. അഞ്ചാം റൗണ്ടില്‍ ഹങ്കറിയുടെ ഫെറങ്ക് ബെര്‍കെസ് ഇന്ത്യന്‍ താരത്തിനുമുന്നില്‍ വീണു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറ്റതോഴനും സഹതാരവുമായ അര്‍ജുന്‍ എരിഗെയ്സിയെ ഏഴ് ടൈബ്രേക്കുകളിലേക്കു നീണ്ട പോരാട്ടത്തിലാണ് കീഴടക്കിയത്.

Related Articles

Latest Articles