Friday, May 17, 2024
spot_img

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് പ്രജ്വൽ ജർമ്മനിയിലേക്ക് കടന്നതെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ജര്‍മനിയിലേക്ക് പോകാന്‍ വിസ ആവശ്യമില്ലെന്ന് മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ വിടുന്നതുമായി ബന്ധപ്പെട്ട് പ്രജ്വല്‍, പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ക്ലിയറൻസ് കൊടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതി ഉത്തരവുണ്ടെങ്കില്‍ മാത്രമേ പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദ് ചെയ്യാനോ മടക്കിവിളിക്കാനോ സാധിക്കുകയുള്ളൂ. ഇത്തരമൊരു കോടതി നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഇന്ന് പ്രജ്വല്‍ രേവണ്ണയ്ക്കായി അന്വേഷണ സംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു . കഴിഞ്ഞ ദിവസം ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ സമന്‍സ് മടങ്ങിയതിനു പിന്നാലെയായിരുന്നു നടപടി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും എമിഗ്രേഷന്‍ വിഭാഗത്തിനു നോട്ടിസ് കൈമാറി. ലൈംഗിക വിവാദത്തിൽപ്പെട്ട പ്രജ്വൽ, അന്വേഷണസംഘം മുൻപാകെ ഹാജരാകാൻ 7 ദിവസത്തെ സമയം ചോദിച്ചത് പോലീസ് നിരസിച്ചിരുന്നു.

രാജ്യത്തിനു പുറത്തായതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ സമന്‍സിന് തന്റെ അഭിഭാഷകര്‍ മറുപടി നല്‍കുമെന്നാണു പ്രജ്വല്‍ എക്സിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രജ്വലിനെ തിരികെയെത്തിക്കാന്‍ കര്‍ണാടക പൊലീസ് നടപടി തുടങ്ങിയതിനു പിന്നാലെയായിരുന്നു ട്വീറ്റ്.

ജോലിക്കിടെ പ്രജ്വൽ രേവണ്ണക്കും പിതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണ ചേർന്ന് ബാലത്സംഗം ചെയ്തുവെന്ന് കാണിച്ച് വീട്ടിലെ മുൻ പാചകക്കാരി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവർക്കും സമന്‍സ് അയച്ചിരുന്നത്. ഹാസന്‍ ഹോളേനരസിപ്പുര പൊലീസ് ഞായറാഴ്ച റജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലാണു സമന്‍സ് നല്‍കിയത്.

ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് രക്ഷപ്പെട്ടു. പ്രജ്വലിനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. അതേസമയം രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമിൽ വെച്ചാണ് വിഡിയോകൾ ചിത്രീകരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന പെൻഡ്രൈവുകൾ ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.

Related Articles

Latest Articles