Friday, May 17, 2024
spot_img

പരിഷ്കരണം കലക്കുന്നത് മലപ്പുറം മാഫിയ !! തുറന്നടിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ തുറന്നടിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നില്ലെന്നാണ് മന്ത്രിയുടെ ആരോപണം.

“മലപ്പുറത്ത് ഡ്രൈവിങ് സ്കൂള്‍ മാഫിയ സംഘമുണ്ട്. അവരാണ് പ്രതിഷേധത്തിന് പിന്നില്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ല. പ്രതിഷേധം കൊണ്ട് പിന്‍മാറില്ല. ഇവർക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വൻ തോതിൽ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി തുടരും. മലപ്പുറം ആര്‍ടി ഓഫീസിൽ നടന്നത് 3 കോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു. വ്യാജ രസീത് ഉണ്ടാക്കി നികുതി വെട്ടിച്ചു.” ഗണേഷ് കുമാര്‍പറഞ്ഞു.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഇന്നുമുതൽ നടപ്പാക്കാൻ തീരുമാനിച്ചുവെങ്കിലും ഡ്രൈവിങ് സ്കൂള്‍ യൂണിയനുകള്‍ പ്രതിഷേധം മൂലം മിക്കയിടങ്ങളിലും ടെസ്റ്റുകൾ സ്തംഭിച്ചു. അതേസമയം സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. പുതിയ തീരുമാനങ്ങളിൽ ഗതാഗതകമ്മീഷണർ ഇതേവരെ സർക്കുലർ ഇറക്കിയില്ല. ഇതേതുടര്‍ന്ന് പ്രതിദിനം എത്ര ടെസ്റ്റുകള്‍ നടത്തണമെന്ന കാര്യത്തിലാണ് ആര്‍ടിഒമാര്‍ക്കിടയിൽ ആശയക്കുഴപ്പം തുടരുന്നത്. നേരത്തെ പ്രതിദിനം 30 ലൈസന്‍സ് ടെസ്റ്റുകള്‍ നടത്താനുള്ള സര്‍ക്കുലറാണ് ഇറക്കിയിരുന്നത്. എന്നാല്‍, ഇത് വിവാദമായതിനെതുടര്‍ന്ന് ചില ഇളവുകള്‍ മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സര്‍ക്കുലറായി ഇറക്കിയിരുന്നില്ല.

Related Articles

Latest Articles