Friday, October 9, 2026

ആയുസ്സ് പോലും വർദ്ധിപ്പിക്കുന്ന പ്രാണായാമം എന്ന അത്ഭുതം

ആയുസ്സ് പോലും വർദ്ധിപ്പിക്കുന്ന പ്രാണായാമം എന്ന അത്ഭുതം | PRANAYAMAM

പ്രാണായാമം ഒരു സംസ്‌കൃതവാക്കാണ്. പ്രാണന്‍ എന്നാല്‍ ജീവശക്തി, ആയാമം എന്നാല്‍ നിയന്ത്രണം. പ്രാണശക്തിയുടെമേല്‍ നമുക്കുണ്ടാകുന്ന ഒരു control അഥവാ പ്രാണശക്തിയെ നാം കൈപ്പിടിയിലാക്കുന്ന ഒരു technic അതാണ് പ്രാണായാമം. പ്രാണായാമം ഒരു ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ അധീനതയിലുള്ളതല്ല. ഇതിനെല്ലാമതീതമാണ്. പ്രാണന്‍ എന്നു പറഞ്ഞാല്‍ ജീവശക്തി എന്ന് പറഞ്ഞുവല്ലൊ അതെന്താണ് എന്ന് നോക്കാം. ഒരു ദേഹം പ്രാണനോട് ചേരുമ്പോള്‍ അതിന്ന് ജീവന്‍ വെയ്ക്കുന്നു. എപ്പോള്‍ പ്രാണന്‍ ദേഹം വിട്ടുപോകുന്നുവോ അപ്പോള്‍ ആ ദേഹം മൃതമാകുന്നു. അതുകൊണ്ട് ശരീരത്തെ ചലിപ്പിക്കുന്ന ഒരു ശക്തിവിശേഷമാണ് പ്രാണന്‍. ഈ പ്രക്രിയ ജനനം മുതല്‍ മരണം വരെ നാമറിയാതെ തന്നെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. പ്രാണനെ അതിന്റെ പ്രവര്‍ത്തനം (function)അനുസരിച്ച് അഞ്ചായി തരംതിരിച്ചിട്ടുണ്ട്. അതിനെയാണ് പഞ്ചപ്രാണന്‍ എന്നു പറയുന്നത്.

ഇനി പഞ്ചപ്രാണന്‍ ഏതൊക്കെയാണെന്ന് നോക്കാം. ആദ്യത്തേത് പ്രാണന്‍. അതാണ് നമ്മുടെ ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്നത്. രണ്ടാമത്തേത് അപാനന്‍. നമ്മുടെ ദേഹത്തിലുള്ള അനാവശ്യമായ അഥവാ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള വസ്തുക്കളെ പുറത്തേക്ക് വിസര്‍ജ്ജനം ചെയ്യിക്കുകയാണ് അപാനന്‍ ചെയ്യുന്നത്. മലം, മൂത്രം, വിയര്‍പ്പ് മുതലായ പലതും പുറത്തേക്ക് അയയ്ക്കുന്ന ഒരു യന്ത്രമാണ് അപാനന്‍ എന്നര്‍ത്ഥം. മൂന്നാമത്തേത് വ്യാനന്‍. ശരീരത്തിലെ രക്തധമനിയിലെ രക്തചംക്രമണം ഇദ്ദേഹത്തിന്റെ കയ്യിലാണ്. ഇദ്ദേഹത്തിന്റെ അനാസ്ഥമൂലമാണ് രക്തം കട്ടപിടിക്കുന്നതും ഹൃദയം വികസിക്കുന്നതും. ആധുനിക വൈദ്യശാസ്ത്രത്തിന് ചിന്തിക്കാന്‍ കൂടി വയ്യാത്ത വിധത്തിലാണ് വ്യാനന്‍ പ്രവര്‍ത്തിക്കുന്നത്. നാലാമത്തേത് ഉദാനന്‍. ഉദാനന്റെ പ്രവൃത്തി ദേഹത്തിന് ചേരാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ പുറത്താക്കുക എന്നതാണ്.

എന്തെങ്കിലും അപാകമായി അരുതാത്തതായി കഴിച്ചാല്‍ ദേഹത്തിന് അത് പറ്റുകയില്ല. അതിനെ പുറത്തു ചാടിക്കണമെങ്കില്‍ ഉദാനന്റെ സഹായം കൂടിയേ തീരൂ. കൂടാതെ ഉദാനന് വേറൊരു മഹത്കൃത്യംകൂടി ചെയ്യേണ്ടതുണ്ട്. മരണസമയത്ത് പ്രാണനെ ദേഹത്തില്‍ നിന്നും പോകാന്‍ കൂട്ടാക്കാതെ അവിടെ പിടിയും വലിയും നടത്തും. ആ അവസരത്തില്‍ ഒരു അമ്പയറെപ്പോലെ situation ശാന്തമാക്കുന്നു. പ്രാണന്‍ സമാധാനത്തോടെ സ്ഥിതി ഗതികള്‍ വിട്ടുപോകുന്നു. തന്മൂലം ശാന്തമായ ഒരു മരണം ദേഹത്തിന് കൈവരുന്നു. അഞ്ചാമത്തേത് സമാനന്‍. നാം കഴിക്കുന്ന ഭക്ഷണസാധനങ്ങളെല്ലാം ദേഹത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നത് ഈ മഹാനല്ലാതെ മറ്റാരുമല്ല. ദഹനേന്ദ്രിയവ്യവസ്ഥ (complete digestive system) ഈ സമാനന്റെ കയ്യിലാണ്.
ഞാനിത്രയും വിശദമായി പഞ്ചപ്രാണന്മാരെ വിവരിച്ചതെന്തിനാണെന്നു വെച്ചാല്‍, ഈ പഞ്ചപ്രാണന്മാരാണ് ആധുനിക വൈദ്യശാസ്ത്രം (medical science)പറയുന്ന complete physiology എന്നറിയിക്കാനാണ്. ഇത് എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ ഋഷിവര്യന്മാര്‍ക്ക് ബോദ്ധ്യപ്പെടുകയും ശാസ്ത്രങ്ങളില്‍ അതിന്റെ പ്രത്യേക പരാമര്‍ശം ഉണ്ടായിട്ടുള്ളതുമാണെന്ന് അറിയുമ്പോള്‍ നമുക്ക് അത്ഭുതം തോന്നുന്നില്ലെ? അത്ഭുതത്തോടൊപ്പം ഈ വസ്തുത നമുക്ക് സ്വീകരിച്ചുകൂടെ? ഈ പറഞ്ഞ പഞ്ചപ്രാണന്മാരുടെ കൃത്യമായ ക്രിയ ഒരു ദേഹത്തില്‍ ഉണ്ടാകുമ്പോള്‍ ആ ദേഹം സമ്പൂര്‍ണ്ണ ആരോഗ്യത്തോടുകൂടിയതായിത്തീരുന്നു. എന്നാല്‍ ഈ പഞ്ചപ്രാണന്മാര്‍ എപ്പോഴാണോ ഉദാസീനരാകുന്നത് അപ്പോഴാണ് നമുക്ക്, ആരോഗ്യം നഷ്ടപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം നാം ചെയ്യുന്ന പ്രാണായാമം നമ്മുടെ ദേഹത്തേയും മനസ്സിനേയും എങ്ങനെ ബാധിക്കുന്നു എന്ന് കാണുവാന്‍. ദേഹത്തിന്റെ ആരോഗ്യം മാത്രമായാല്‍ 100% ആരോഗ്യമാകുകയില്ല. ആരോഗ്യമുള്ള മനസ്സുകൂടി വേണം. മനസ്സും ദേഹവും ദമ്പതിമാരാണെന്ന് പറയാം

Related Articles

Latest Articles