Wednesday, May 1, 2024
spot_img

വീ ആർ ന്യൂകാസിൽ യുണൈറ്റഡ്; വീ ആർ ചാമ്പ്യൻസ് ലീഗ്; നീണ്ട 20 വർഷത്തിനുശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡ്

ലണ്ടന്‍ : ഇന്നലത്തെ രാത്രി ന്യൂ കാസിലിലെ തെരുവുകൾ ഉറങ്ങിയില്ല. നീണ്ട 20 വര്‍ഷത്തിനുശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ന്യൂകാസില്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയപ്പോൾ ആരാധകർ നേരം ഇരുട്ടി വെളുത്തപ്പോഴും ആഘോഷത്തിമിർപ്പിലാണ്. പ്രീമിയർ ലീഗിൽ ആദ്യ നാലില്‍ ഇടം നേടിയതോടെയാണ് ന്യൂകാസില്‍ ചാമ്പ്യന്‍സ് ലീഗില്‍ സ്ഥാനം നേടിയത്.

ലെസ്റ്റര്‍ സിറ്റിയുമായുള്ള മത്സരത്തില്‍ ഗോള്‍രഹിത സമനില നേടിയതോടെയാണ് ന്യൂകാസില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചത്. നിലവില്‍ 37 മത്സരങ്ങളില്‍ നിന്ന് 70 പോയന്റുമായി മൂന്നാം സ്ഥാനത്താണ് ടീം. 36 മത്സരങ്ങളില്‍ നിന്ന് 69 പോയന്റുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ് നാലാം സ്ഥാനത്ത്. എന്നാൽ അഞ്ചാമതുള്ള ലിവര്‍പൂളിന് 37 മത്സരങ്ങളില്‍ നിന്ന് 66 പോയന്റാണ് നേടിയത്. സീസണിലെ അവസാന മത്സരത്തില്‍ അവർ വിജയിച്ചാലും 69 പോയന്റ് മാത്രമേ നേടാനാകൂ. തുടർന്നാണ് ന്യൂകാസില്‍ യോഗ്യത ഉറപ്പിച്ചത്. അതെ സമയം പഴയ പ്രതാപത്തിലേക്ക് വരാൻ ശ്രമിക്കുന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റ് നേടിയാല്‍ വരുന്ന ചാമ്പ്യന്‍സ് ലീഗിൽ പന്ത് തട്ടാനാകും.

പരിശീലകന്‍ എഡി ഹോവിയുടെ തന്ത്രങ്ങളാണ് ന്യൂകാസിലിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുത്തത്. കഴിഞ്ഞ സീസണിലെ 11-ാം സ്ഥാനത്ത് നിന്നാണ് ടീമിന്റെ ഉയിർത്തെഴുന്നേൽപ്പ്. തകർച്ചയിൽ കൂപ്പ്കുത്തിയ ടീമിനെ സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വന്തമാക്കിയതോടെയാണ് മാറ്റങ്ങള്‍ വന്നുതുടങ്ങിയത്. പുതിയ താരങ്ങളെ സൈൻ ചെയ്ത ന്യൂകാസില്‍ പതിയെ ലീഗിലെ ഏറ്റവും വലിയ ടീമുകളിലൊന്നായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതിനുമുന്‍പ് 2002-2003 സീസണ്‍ ചാമ്പ്യന്‍സ് ലീഗിലാണ് ന്യൂകാസില്‍ അവസാനമായി പങ്കെടുത്തത്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ടീം പുറത്താവുകയും ചെയ്തു.

Related Articles

Latest Articles