Tuesday, May 14, 2024
spot_img

മഹാശിവരാത്രി; ആലുവ മഹാദേവക്ഷേത്രത്തിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മണപ്പുറത്ത് മുന്‍കാലത്തെപ്പോലെ ഇത്തവണയും ഭക്തര്‍ക്ക് ബലിതര്‍പ്പണം ചെയ്യാം

എറണാകുളം: പ്രസിദ്ധമായ ആലുവ മഹാശിവരാത്രി ഉല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഭക്തര്‍ക്ക് ആലുവ മണപ്പുറത്ത് മുന്‍കാലത്തെപ്പോലെ തന്നെ ഇക്കുറി ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍ അറിയിച്ചു.

ശിവരാത്രി ഒരുക്കങ്ങള്‍ സംബന്ധിച്ച അവസാനഘട്ട വിലയിരുത്തല്‍ നടത്താനായി വിവിധ വകുപ്പുക‍ളുടെ സംയുക്തയോഗം ചേര്‍ന്നിരുന്നു. ശിവരാത്രിയോടനുബന്ധിച്ച് ആലുവയില്‍ എത്തിച്ചേരുന്ന ഭക്തര്‍ക്ക് മണപ്പുറത്ത് ബലിതര്‍പ്പണം നടത്തുന്നതിനായി 150 ബലിത്തറകള്‍ ആണ് ദേവസ്വംബോര്‍ഡ് ഒരുക്കിയിട്ടുള്ളത്.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ആയിരിക്കും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. ആലുവ ശിവക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായും പ്രത്യേകം ക്യൂ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് കുടിവെള്ളം,ഭക്ഷണം എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. പെരിയാറില്‍ കുളിക്കാനിറങ്ങുന്നവരുടെ സുരക്ഷയ്ക്കായി ഫയര്‍ഫോ‍ഴ്സിന്‍റെ മുങ്ങല്‍ വിദഗ്ദന്‍മാരുടെയും സ്ക്യൂബ ടീമിന്‍റെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.

കൂടാതെ സുരക്ഷയ്ക്കായി ആലുവ റൂറല്‍ എസ്.പി.കാര്‍ത്തികേയന്‍ ഐപിഎസ്സിന്‍റെ നേതൃത്വത്തില്‍ പോലീസ് സേനയും സജ്ജമായിരിക്കും.വാട്ടര്‍ അതോറിറ്റി ആലുവ നഗരസഭ എന്നിവര്‍ സംയുക്തമായി വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ള വിതരണത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോ‍ഴ്സ്,ആശുപത്രി സേവനങ്ങളും ലഭ്യമായിരിക്കും.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആലുവശിവരാത്രി ഡ്യൂട്ടിക്കായി കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഭക്തരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍ടിസി ആലുവയിലേക്ക് സ്പെഷ്യല്‍ ബസ്സ് സര്‍വ്വീസുകള്‍ നടത്തും. ഇതിനായി ആലുവയില്‍ ബസ്സ് പാര്‍ക്കിംഗിന് താല്‍ക്കാലിക സ്റ്റാന്‍ഡും ഒരുക്കിയിട്ടുണ്ട്.വിമുക്ത ഭടന്‍മാര്‍,വോളന്റീയർ സംഘങ്ങള്‍ തുടങ്ങിയവരെയും ആലുവ ശിവരാത്രി ഉല്‍സവത്തിന് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുകയാണ്.

Related Articles

Latest Articles