Wednesday, September 30, 2026

രാഷ്‌ട്രപതിയുടെ ബംഗ്ലാദേശ് സന്ദർശനം തുടരുന്നു; 71ൽ പാക് സേന നശിപ്പിച്ച ക്ഷേത്രസമര്പ്പണം നടത്തും

ധാക്ക: ഇന്ത്യൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ബംഗ്ലാദേശ് (President Ram Nath Kovind) സന്ദർശനം തുടരുന്നു. ബംഗ്ലാദേശ് സ്വതന്ത്രമായതിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്നലെയാണ് രാഷ്‌ട്രപതി അയൽ രാജ്യത്തെത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനമാണ് നടത്തുന്നത്. രണ്ടാം ദിവസമായ ഇന്ന് ബംഗ്ലാദേശിന്റെ വിമോചനത്തിനായി 1971 ൽ നടന്ന യുദ്ധത്തിനിടെ പാകിസ്ഥാൻ സൈന്യം നശിപ്പിച്ച ശ്രീ റംമ്ന കാളി ക്ഷേത്രം പുനർനിർമിച്ചത് ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് തുറന്നുകൊടുക്കും. ഇന്ത്യയും ക്ഷേത്ര പുനർനിർമാണത്തിൽ പങ്കാളിത്തം വഹിച്ചിരുന്നു.

അതേസമയം ബംഗ്ലാദേശ് സ്വതന്ത്രമായതിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന വിജയദിന പരേഡിലെ വിശിഷ്ടാതിഥി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആയിരുന്നു. ബംഗ്ലാദേശിനെ മോചിപ്പിച്ചതിൽ ഇന്ത്യ വഹിച്ച പങ്കിന്റെ പ്രതീകമായി 3 ഇന്ത്യൻ സേനകളിൽ നിന്നുള്ള 122 അംഗ സംഘം പരേഡിൽ പങ്കെടുത്തു. ഇന്ത്യൻ സേനയുടെ പരേഡിനെ വൻ കരഘോഷത്തോടെയാണ് കാണികൾ എതിരേറ്റത്. ബംഗ്ലാദേശ് പ്രസിഡന്റ് എം.അബ്ദുൽ ഹമീദ്, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ മാർച്ച് പാസ്റ്റ് വീക്ഷിച്ചു. ചടങ്ങിനു മുന്നോടിയായി രാഷ്ട്രപതി, ബംഗ്ലദേശ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവർ യുദ്ധസ്മാരകം സന്ദർശിച്ച് രക്തസാക്ഷികളായ സൈനികർക്ക് ആദരമർപ്പിച്ചു.

ബംഗ്ലാദേശിന്റെ വിമോചനത്തിന് 1660 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. 1971 ലെ യുദ്ധ‌ത്തിൽ വീരമൃത്യു വരിച്ച ഇരുരാജ്യങ്ങളിലെയും സൈനികരുടെ ഓർമയ്ക്കായി മിഗ് 21 വിമാനത്തിന്റെ മാതൃക രാഷ്ട്രപതി ബംഗ്ലാദേശ് പ്രസിഡന്റിന് സമ്മാനിച്ചു. യഥാർഥ വിമാനം ബംഗ്ലദേശ് നാഷണൽ മ്യൂസിയത്തിലാണ് ഇപ്പോഴുള്ളത്.

Related Articles

Latest Articles