Monday, May 6, 2024
spot_img

ഭീകരരെ തിരഞ്ഞുപിടിച്ച് കീഴ്പ്പെടുത്താൻ ദില്ലി പോലീസ്; ബംഗ്ലാദേശ് ഭീകരരുടെ രേഖാചിത്രം ഉടൻ തയ്യാറാക്കും; കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്ന് സൂചന

ദില്ലി: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറിയ ബംഗ്ലാദേശ് ഭീകരരുടെ രേഖാചിത്രം തയ്യാറാക്കാനൊരുങ്ങി ദില്ലി പോലീസ്. ദില്ലിയിൽ ഇക്കഴിഞ്ഞ ദിവസം പിടിയിലായ ഭീകരരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കുന്ന രേഖാചിത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിപ്പിക്കും. ഇങ്ങനെ പൊതുജനങ്ങളുടെ സഹായത്തോടെ ഭീകരരെ പിടികൂടാനാണ് പോലീസിന്റെ നീക്കം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആഘോഷ ചടങ്ങുകള്‍ക്കിടെ സ്ഫോടനം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. ദില്ലി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് എട്ട് ഭീകരരെ ദില്ലി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അതിസാഹസികമായി അറസ്റ്റ് ചെയ്തത്.

ബംഗ്ലാ ഭാഷ സംസാരിക്കുന്ന 15 പേര്‍ രാജ്യത്ത് എത്തിയിട്ടുണ്ടെന്നാണ് രാജ്യതലസ്ഥാനത്ത് പിടിയിലായ ഭീകരര്‍ നൽകിയ മൊഴിയിൽ പറയുന്നത്. അതേസമയം പിടിയിലായ എട്ടുപേരില്‍ രണ്ട് പേര്‍ക്ക് പാക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇവര്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമില്‍ നിന്ന് ഭീകരപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടിയവരാണെന്നും പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

എന്നാൽ ഭീകരരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദില്ലിയിലും, അതിര്‍ത്തി സംസ്ഥാനങ്ങളിലും പരിശോധനകള്‍ നടത്തി വരികയാണ്. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു. തലസ്ഥാന നഗരിയിൽ അറസ്റ്റ് ചെയ്ത ഭീകരര്‍ ലക്ഷ്യമിട്ടത് മുംബൈ സ്ഫോടനത്തിന് സമാനമായ സ്‌ഫോടനമെന്ന് പോലീസ് പറയുന്നു. പാലങ്ങളും റെയില്‍ പാളങ്ങളും തകര്‍ക്കാന്‍ ഭീകരര്‍ക്ക് പരിശീലനം ലഭിച്ചതായും, ഇതിനായി വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുള്ള ഭീകരര്‍ ഒത്തുചേരാന്‍ പദ്ധതിയിട്ടിരുന്നതായെന്നാണ് വിവരം. സംഭവത്തിൽ ഊർജ്ജിതമായി അന്വേഷണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

Related Articles

Latest Articles