Sunday, May 19, 2024
spot_img

കന്നഡയിൽ പ്രദര്‍ശനം കുറവ്: കര്‍ണ്ണാടകയില്‍ പുഷ്‍പ’യ്ക്കെതിരെ ബഹിഷ്‍കരണാഹ്വാനം

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സിനിമാ പ്രേമികളെ ഏറെ ആകർഷിച്ച ചിത്രമാണ് തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ പുഷ്പ. സിനിമയുമായി ബദ്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം വലിയ ശ്രദ്ധനേടാറുണ്ടായിരുന്നു. ചിത്രത്തിൽ അല്ലു അർജുൻ നായകനും ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലുമെത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. ഇപ്പോഴിതാ നാളെ തിയറ്ററുകളിലെത്താനിരിക്കുന്ന അല്ലു അര്‍ജുന്‍റെ പുഷ്‍പ’യ്ക്കെതിരെ കര്‍ണ്ണാടകയില്‍ സിനിമാപ്രേമികളുടെ ബഹിഷ്‍കരണാഹ്വാനം നടക്കുകയാണ്.

ചിത്രം തിയറ്ററുകളിലെത്തുന്നത് തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലുമാണ്. എന്നാൽ, കര്‍ണ്ണാടകയില്‍ കന്നഡ പതിപ്പിന് വിരലിലെണ്ണാവുന്ന പ്രദര്‍ശനങ്ങള്‍ മാത്രമാണ് ഉള്ളതെന്നും മറുഭാഷാ പതിപ്പുകള്‍ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഉണ്ടെന്നും ആരോപണം ഉന്നയിക്കുന്നവര്‍ വാദിക്കുന്നു. ട്വിറ്ററില്‍ നിരവധി പേര്‍ ഈ വിഷയം ഉന്നയിച്ച് രംഗത്തെത്തിയതോടെ ഇത് ഒരു ക്യാംപെയ്‍നിന്‍റെ സ്വഭാവത്തിലേക്ക് മാറിയിട്ടുണ്ട്.

ഇതേതുടർന്ന് ”BoycottPushpaInKarnataka” എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ നിലവില്‍ ട്രെന്‍ഡിംഗ് ആണ്. തെലുങ്ക് ഒറിജിനലിന് 200ല്‍ ഏറെ പ്രദര്‍ശനങ്ങളും ഹിന്ദിയ്ക്ക് പത്തിലേറെ പ്രദര്‍ശനങ്ങളും തമിഴ്, മലയാളം പതിപ്പുകള്‍ക്ക് നാല് പ്രദര്‍ശനങ്ങളുമുള്ള കര്‍ണ്ണാടകയില്‍ കന്നഡ പതിപ്പിന് മൂന്ന് ഷോകള്‍ മാത്രമാണ് ഉള്ളതെന്ന് ഒരു സിനിമാപ്രമി ആരോപിക്കുന്നു. ട്വിറ്ററില്‍ ഈ ഹാഷ് ടാഗ് ട്രെന്‍ഡിംഗ് ആയതോടെ ചിത്രത്തിന്‍റെ പ്രീ-റിലീസ് ബുക്കിംഗിനെ അത് സ്വാധീനിക്കുന്നുവെന്ന് അവകാശപ്പെട്ട് ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളില്‍ നിന്നുള്ള സ്ക്രീന്‍ ഷോട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്. 2021 ഡിസംബർ 17ന് ചിത്രം തിയറ്ററുകളിൽ എത്തും. റിലീസ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമക്കായുള്ള കാത്തിരിപ്പിലാണ് അല്ലു അർജുൻ ആരാധകർ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഴിമതിക്കാരനായ പൊലീസുകാരന്റെ വേഷമാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. അർജുന്റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്.

ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിന് പുറമേ തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മൈത്രി മൂവി മേക്കേഴ്സും മുറ്റംസെട്ടി മീഡിയയും ചേർന്നാണ് നിർമ്മാണം.

Related Articles

Latest Articles