Monday, April 29, 2024
spot_img

വീണ്ടും ജനകീയ പ്രക്ഷോഭം; ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു

 

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ രാജി. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്തതോടെയാണ് രാജപക്സെ രാജിവച്ചത്. എന്നാൽ ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിക്കുകയും സേനയെ നിയോഗിക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളിൽ ഇരുപതോളം പേർക്ക് പരുക്കേറ്റു.പ്രസിഡന്റ് അക്രമങ്ങളെ അപലപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്. ശ്രീലങ്കന്‍ ആരോഗ്യമന്ത്രി പ്രൊഫ. ചന്ന ജയസുമനയും രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി.

നേരത്ത രാജപക്സെ സഹോദരന്മാരായ പ്രസിഡന്റ് ഗോതബായ രാജപക്സെയും പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും സ്ഥാനത്തു നിന്നും മാറില്ലെന്നും പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്.അതേസമയം 1948-ൽ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്കയിൽ രോഷം ആളിപ്പടരുകയാണ്. കടമെത്രവാങ്ങിയിട്ടും രാജ്യത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാത്ത സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ‘ഗോ ഹോം ഗോട്ട’ (Go home Gota) എന്നാണ് ഇന്ന് ശ്രീലങ്കന്‍ തെരുവുകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പ്രതിഷേധ സ്വരം.

Related Articles

Latest Articles