ദില്ലി: ബിംസ്‌റ്റെക് ഉച്ചകോടിക്ക് ഇന്ന് തുടക്കം. ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക്. ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ, തായ്‌ലന്റ് എന്നീ ഏഴ് രാജ്യങ്ങളാണ് ബിംസ്റ്റെക് കൂട്ടായ്മയിലുള്ളത്. അഞ്ചാമത്തെ ബിംസ്‌റ്റെക് ഉച്ചകോടിയാണ് ഇന്ന് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇത്തവണ ബിംസ്‌റ്റെക് ഉച്ചകോടിയുടെ അദ്ധ്യക്ഷ പദവിയിലുള്ള രാജ്യം ശ്രീലങ്കയാണ്.
ഇതിന്റെ മുന്നോടിയായി ബിംസ്‌റ്റെക് രാജ്യങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ തിങ്കളാഴ്ച യോഗം ചേർന്നിരുന്നു. കൂടാതെ ഇന്നലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ എസ്.ജയശങ്കറും പങ്കെടുത്തു. ബിംസ്റ്റെക് രാജ്യങ്ങളിലെ എല്ലാതരത്തിലുള്ള സാങ്കേതിക മികവ് പരസ്പര സഹായം തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനും ഉറപ്പുവരുത്തുന്നതിനുമുള്ള മാർഗ്ഗരേഖകൾ രാജ്യങ്ങൾ തമ്മിൽ പങ്കുവെച്ചുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയാണ് ബിംസ്റ്റെകിൽ ഏറെ നിർണ്ണായകമായ ശക്തി. ഇന്ത്യക്ക് ലോകരാഷ്‌ട്രങ്ങളുമായി ശക്തമായ നയതന്ത്ര ബന്ധമാണ് ഉള്ളത്. അതേസമയം, 18-ാം തവണയാണ് ജയശങ്കർ ബീംസ്റ്റെക് സാങ്കേതിക സമിതിക്കൊപ്പം പങ്കെടുക്കുന്നത്.

