Sunday, October 4, 2026

സ്റ്റാലിന്റെ യു എ ഇ സന്ദർശനം വെറുതെയായില്ല; തമിഴ്‌നാട്ടിൽ 5 ദിവസം കൊണ്ട് എത്തിയത് 6100 കോടിയുടെ നിക്ഷേപം

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ യുഎഇ സന്ദര്‍ശനത്തിന് ശേഷം സംസ്ഥാനത്തേക്ക് എത്തിയത് 6100 കോടി രൂപയുടെ നിക്ഷേപം. അഞ്ച് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ചെന്നൈയില്‍ തിരികെയെത്തിയ അദ്ദേഹം യാത്ര വന്‍വിജയമായതില്‍ സന്തോഷമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടില്‍ 14,700 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുന്ന 6 മുന്‍നിര നിക്ഷേപകരുമായി 6,100 കോടി രൂപയുടെ കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചതായി അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത് പ്രകാരം ലുലു ഗ്രൂപ്പ് 3500 കോടി രൂപയുടെ നിക്ഷേപം തമിഴ്നാട്ടില്‍ നടത്തും. ഷോപ്പിങ് മാള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, ഭക്ഷ്യസംസ്കരണ യൂണിറ്റ്, കയറ്റുമതി സേവനങ്ങളും ലുലു ആരംഭിക്കും.

നോബിള്‍ സ്റ്റീല്‍സുമായി 1,000 കോടിയുടെയും ടെക്സ്‌റ്റൈല്‍ മേഖലയിലുള്ള വൈറ്റ്ഹൗസ്, മെഡിക്കല്‍ മേഖലയിലുള്ള ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍, ചരക്ക് കൈമാറ്റ കമ്പനിയായ ‘ഷറഫ്’ ഗ്രൂപ്പ് എന്നിവയുമായി 500 കോടിരൂപ വീതമുള്ള കരാറുകളില്‍ ഒപ്പുവെച്ചു. ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്വെല്‍ ഗ്രൂപ്പുമായി 100 കോടിയുടെ ധാരണയാണ് ഉറപ്പിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

വരുംമാസങ്ങളില്‍ കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ, യുഎഇ സന്ദര്‍ശനത്തിന് സമാനമായി സാഹചര്യം അനുകൂലമാണെങ്കില്‍ സംസ്ഥാനത്തിന് കൂടുതല്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൊണ്ടുവരാന്‍ തീര്‍ച്ചയായും മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും നിക്ഷേപകരെ കാണുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ യാത്ര സംസ്ഥാനത്തിന് ക്ഷേമം നല്‍കില്ലെന്നും ഇത് ഒരു “കുടുംബ പിക്നിക്” മാത്രമാണെന്നുമുള്ള എഡിഎംകെയുടെ ആരോപണത്തെ സ്റ്റാലിൻ പൂർണമായും തള്ളിക്കളഞ്ഞു.

Related Articles

Latest Articles