Wednesday, May 15, 2024
spot_img

“മുസ്ലീംലീഗിൻ്റെ വിചാരധാരകൾ നിറഞ്ഞ പ്രകടന പത്രിക ! രാഷ്ട്ര നിർമ്മാണത്തിനുള്ള ഒരു നിർദ്ദേശവും കോൺഗ്രസിന് സ്വന്തമായി ഇല്ല !” – കോണ്‍ഗ്രസ് പാർട്ടി പുറത്തിറക്കിയ പ്രകടന പത്രികക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി :ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പാർട്ടി പുറത്തിറക്കിയ പ്രകടന പത്രികക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്ലീംലീഗിൻ്റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് പ്രകടനപത്രികയെന്നും സ്വാതന്ത്ര്യ സമര കാലത്ത് ലീഗിൽ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രകടന പത്രികയിൽ പ്രതിഫലിക്കുന്നതെന്നും ആരോപിച്ച ആദ്ദേഹം പത്രികയുടെ അവശേഷിക്കുന്ന ഭാഗം ഇടത് പക്ഷത്തിൻ്റെ നിലപാടുകളെന്നും തുറന്നടിച്ചു.

രാഷ്ട്ര നിർമ്മാണത്തിനുള്ള ഒരു നിർദ്ദേശവും കോൺഗ്രസിന് സ്വന്തമായി ഇല്ല. ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാൻ കോൺഗ്രസിനാകില്ലെന്നും നരേന്ദ്ര മോദി പരിഹസിച്ചു.

ദില്ലിയിലെ പാർട്ടി ആസ്ഥാനത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പി. ചിദംബരം തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ‘ന്യായ് പത്ര്’ എന്നു പേരിട്ട കോൺഗ്രസിന്റെ പ്രകടന പത്രിക വെള്ളിയാഴ്ച പുറത്തിറക്കിയത്. കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമഭേഗഗതിക്കെതിരായ പരാമർശങ്ങൾ യാതൊന്നുമില്ലാത്ത പ്രകടന പത്രികയിൽ അധികാരത്തിലെത്തിയാൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുമെന്നും ജാതി, ഉപജാതി, അവരുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി എന്നിവ കണ്ടെത്തുമെന്നും കോൺഗ്രസ് പ്രകടന വാഗ്ദാനം ചെയ്യുന്നു. പട്ടികജാതി–പട്ടികവര്‍ഗ– ഒബിസി സംവരണം വര്‍ധിപ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം വനിതകള്‍ക്ക് നല്‍കുമെന്നും പ്രകടന പത്രികയിലുണ്ട്.

ഭരണഘടന സംരക്ഷിക്കാൻ പ്രത്യേക നിർദേശങ്ങളും പ്രകടനപത്രികയിൽ മുന്നോട്ടുവെക്കുന്നുണ്ട്. ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം ഉറപ്പു വരുത്തും എന്ന് പ്രകടനപത്രികയിൽ പറയുന്നു. സ്വതന്ത്രമാധ്യമപ്രവർത്തനം നടത്താനുള്ള അവകാശം രാജ്യത്ത് സംരക്ഷിക്കും എന്നും പ്രകടനപത്രികയിൽ ഉറപ്പു നൽകുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രയിലെ അഞ്ച് ഗ്യാരന്‍റികളും പത്രികയില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്‌സി–എസ്ടി–ഒബിസി സംവരണം, സൗജന്യ ചികിത്സ ഉറപ്പാക്കാൻ 25 ലക്ഷം രൂപയുടെ പണരഹിത ഇൻഷുറൻസ്, തൊഴിലുറപ്പ് വേതനം ദിവസം 400 രൂപ എന്ന നിലയിൽ വർധിപ്പിക്കും എന്നിവയാണ് മറ്റു വാഗ്ദാനങ്ങൾ. സൗജന്യ ചികിത്സ ഉറപ്പാക്കാൻ 25 ലക്ഷം രൂപയുടെ പണരഹിത ഇൻഷുറൻസും പത്രികയിൽ വാഗ്ദാനം ചെയ്യുന്നു.

Related Articles

Latest Articles