Tuesday, September 22, 2026

പ്രതിപക്ഷ ഐക്യത്തിനെന്തുറപ്പ്? കുടുംബ താല്പര്യങ്ങൾക്ക് വേണ്ടിയുള്ള കൂട്ടായ്മകൾ മാത്രം ; പ്രതിപക്ഷ നിരയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഷാഹ്ദോൽ : 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപപ്പെട്ട പ്രതിപക്ഷപാർട്ടി ഐക്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യാതൊരു ഉറപ്പുമില്ലാത്ത സഖ്യമാണ് പ്രതിപക്ഷ പാർട്ടികളുടേതെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശിൽ പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രതിപക്ഷ സഖ്യത്തെ മോദി വിമർശിച്ചത്.

‘‘കോൺഗ്രസ് ഉറപ്പു നൽകുന്നു എന്നുപറയുമ്പോൾ അതിൽ എന്തോ കുഴപ്പമുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചെന്നാണ് അവർ പറയുന്നത്. എന്നാൽ ഇവർ പരസ്പരം പോരടിച്ചിരുന്നവരാണ്. സമൂഹ മാദ്ധ്യമങ്ങളിലെല്ലാം ഇവരുടെ പഴയ പ്രസ്താവനകൾ ഇപ്പോഴും ലഭ്യമാണ്. പ്രതിപക്ഷ ഐക്യത്തിന് യാതൊരു ഉറപ്പുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം പാർട്ടികൾക്ക് കുടുംബ താൽപര്യം മുൻനിർത്തി മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ.

കുറ്റാരോപിതർ ജാമ്യം കിട്ടിയതിനെത്തുടർന്ന് ഇപ്പോൾ പുറത്താണ്. രാജ്യദ്രോഹപരമായ ലക്ഷ്യങ്ങളോടെ അവർ യോഗങ്ങൾ സംഘടിപ്പിക്കുകയാണ്. തെറ്റായ ഉറപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണം. സ്വന്തം കാര്യത്തിൽ പോലും ഉറപ്പില്ലാത്തവരാണ് പുതിയ പദ്ധതികളുമായി രംഗത്തെത്തുന്നത്. കോൺഗ്രസ് പോലുള്ള പാർട്ടികൾ നൽകുന്ന ഉറപ്പ് ദുരുദ്ദേശപരവും പാവപ്പെട്ടവർക്ക് എതിരുമാണ്’’– നരേന്ദ്ര മോദി പറഞ്ഞു.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നൊരുക്കമെന്നോണമാണ് കോൺഗ്രസ് അടക്കമുള്ള 14 കക്ഷികൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പാറ്റ്നയിൽ യോഗം ചേർന്നിരുന്നു. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഐക്യനീക്കങ്ങൾക്കു രൂപം നൽകാൻ ജൂലൈ 10നോ 12നോ ഹിമാചലിലെ ഷിംലയിൽ വീണ്ടും യോഗം ചേരും എന്നാണ് വിവരം.

Related Articles

Latest Articles