പനാജി : ഗോവയില്‍ വനപ്രദേശത്തുനിന്ന് ലേബര്‍ കോണ്‍ട്രാക്ടറുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും മൃതദേഹങ്ങള്‍ കര്‍ണാടകയിലെ ബീച്ച് പരിസരത്തുനിന്ന് കണ്ടെത്തി. മരണങ്ങൾ കൂട്ട ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഗോവയിലെ ചികാലിം സ്വദേശി ശ്യാം പാട്ടീലി (50) ന്റെ മൃതദേഹമാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച സൗത്ത് ഗോവയിലെ കെപേമില്‍ വനപ്രദേശത്ത് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇതേ ദിവസം തന്നെ ഭാര്യ ജ്യോതി (37)യുടെയും 12 വയസ്സുകാരന്‍ മകന്റെയും മൃതദേഹങ്ങള്‍ കര്‍ണാടകയിലെ കര്‍വാറിലെ ദേവ്ബാഗ് ബീച്ചില്‍ നിന്ന് കണ്ടെത്തി. ഇയാൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തിന്റെ തലേ നാൾ രാത്രി എട്ടരയോടെ ശ്യാമും കുടുംബവും വീട്ടില്‍നിന്ന് കാര്‍വാറിലേക്ക് യാത്ര തിരിച്ചിരുന്നുവെന്ന് അയല്‍ക്കാര്‍ പോലീസിന് മൊഴി നൽകിയിട്ടുണ്ട് .സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നവകാശപ്പെടുന്ന ഒരു കുറിപ്പ് ശ്യാമിന്റെ കാറില്‍നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

