Saturday, May 18, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിൽ ഊഷ്മള സ്വീകരണം നിർണ്ണായക പ്രഖ്യാപനങ്ങൾ ഉടൻ

വാഷിങ്ടൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിൽ ഊഷ്മളമായ സ്വീകരണം. നിർണ്ണായക പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയും അമേരിക്കയും പങ്കിടുന്നത് ഒരേ മൂല്യങ്ങളാണെന്ന് സ്വാഗത പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. സ്വീകരണം 140 കോടി ഇന്ത്യക്കാർക്കുള്ള അംഗീകാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. പ്രതിരോധമേഖലകളിലെ സഹകരണം മുതൽ ബഹിരാകാശ പര്യവേഷണങ്ങൾ, വിസ മാനദണ്ഡങ്ങളിലെ ലഘൂകരണം തുടങ്ങിയ മേഖലകളിൽ വൻ പ്രഖ്യാപനങ്ങൾ നടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിസാ മാനദണ്ഡങ്ങൾ പുതുക്കുന്നത് അമേരിക്കയിലെ ഇന്ത്യക്കാർക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കും. എച്ച്1ബി വിസയിൽ അമേരിക്കയിൽ താമസിക്കുന്നവർക്ക് മറ്റു രാജ്യങ്ങളിൽ ചെല്ലാതെ അമേരിക്കയിൽ നിന്നുതന്നെ വിസ പുതുക്കാൻ സാധിക്കും. എച്ച്1ബി വിസയിൽ താമസിക്കുന്ന 4,42,000 തൊഴിലാളികളിൽ 73 ശതമാനം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ് എന്നാണ് കണക്ക്. നേരത്തെ ബംഗളുരുവിലും അഹമ്മദാബാദിലും അമേരിക്ക രണ്ട് പുതിയ കോൺസുലേറ്റുകൾ തുറക്കുമെന്ന് വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 125,000 വിസകൾ അമേരിക്ക അനുവദിച്ചിരുന്നു. ഇതിനെത്തുടർന്ന് അമേരിക്കയിൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 20 ശതമാനം വർധനവുണ്ടായെന്നും ഇന്ത്യൻ വിദ്യാർത്ഥികൾ അമേരിക്കയിലെ ഏറ്റവും വലിയ വിദേശ വിദ്യാർത്ഥി സമൂഹമായി മാറുമെന്നും മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

അമേരിക്കൻ ചിപ്പ് നിർമ്മാതാക്കളായ മൈക്രോൺ ടെക്നോളജിയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി സ്വാഗതം ചെയ്യും. ഓട്ടോ മൊബൈൽ, ഇലക്ട്രോണിക്സ് മേഖലയിൽ നാഴികക്കല്ലായി മാറുമെന്നാണ് കരുതുന്നത്.

Related Articles

Latest Articles