Saturday, May 18, 2024
spot_img

15 ദിവസങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് വീണ്ടുമെത്തുന്നു ! ആത്മവിശ്വാസത്തിൻ്റെ നെറുകയിൽ ബിജെപി സംസ്ഥാന ഘടകം; ഇന്ന് കൊച്ചി സാക്ഷ്യം വഹിക്കുക കേരളം കണ്ട ഏറ്റവും വലിയ റോഡ് ഷോയ്ക്ക്

തൃശ്ശൂർ നഗരം സാക്ഷിയായ ഏറ്റവും വലിയ വനിതാ റാലിക്കും റോഡ്‌ഷോയ്ക്കും പിന്നാലെ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും. ഇന്ന് കൊച്ചിയിൽ റോഡ്‌ഷോ നടത്തുന്ന അദ്ദേഹം അടുത്ത ദിവസം നഗരത്തിൽ നടക്കുന്ന ബിജെപി നേതാക്കളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയ്ക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട്, 4,000 കോടി രൂപയുടെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

ഇന്ന് വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി കൊച്ചി വിമാനത്താവളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹെലികോപ്റ്ററിൽ അദ്ദേഹം കൊച്ചിയിലെ നാവിക വ്യോമതാവളമായ ഐഎൻഎസ് ഗരുഡയിലേക്ക് പോകും. തുടർന്ന് വൈകുന്നേരം ആറിന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നിന്ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലേക്ക് റോഡ് ഷോ നടത്തും. റോഡ് ഷോ ഹോസ്പിറ്റൽ റോഡിലൂടെയും പാർക്ക് അവന്യൂ റോഡിലൂടെയും 1.3 കിലോമീറ്റർ ദൂരം സഞ്ചരിച്ച് പ്രധാനമന്ത്രി ഇന്ന് തങ്ങുന്ന ഗസ്റ്റ് ഹൗസിൽ സമാപിക്കും. റോഡ്‌ഷോയ്ക്ക് സാക്ഷ്യം വഹിക്കാൻ 50,000 ത്തോളം പാർട്ടി പ്രവർത്തകർ നഗരത്തിൽ ഒത്തുചേരുമെന്ന് ബിജെപി അറിയിച്ചു. പൊതുജനങ്ങൾ കൂടി ഉൾക്കൊള്ളുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ റോഡ് ഷോ ആകും ഇന്ന് കൊച്ചി സാക്ഷ്യം വഹിക്കുക.

നാളെ രാവിലെ 6.30-ന് നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മോദി ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്ക് പോകും. രാവിലെ 7.30 ഓടെ അദ്ദേഹം ഗുരുവായൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷം തൃപ്രയാറിലെത്തി ശ്രീരാമക്ഷേത്രത്തിൽ രാവിലെ 10.30ന് ദർശനംനടത്തും. ഉച്ചയോടെ കൊച്ചിയിലേക്ക് തിരിക്കുന്ന മോദി വില്ലിംഗ്ഡൺ ഐലൻഡിൽ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിന് ശേഷം മറൈൻ ഡ്രൈവിലെത്തി ബിജെപി നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിന് താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരെ പ്രചോദിപ്പിക്കുന്നതിനാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം അദ്ദേഹം ദില്ലിയിലേക്ക് മടങ്ങും.

Previous article
Next article

Related Articles

Latest Articles