Tuesday, September 22, 2026

ആലുവയിൽ സ്വകാര്യ ബസ്സും ടോറസും കൂട്ടിയിടിച്ചു: 31 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കൊച്ചി: ആലുവ എടത്തലയിൽ സ്വകാര്യ ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ബസ് യാത്രക്കാരായ 31 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം ഉടൻ തന്നെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നും ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റിയതായും ആശുപത്രി അധികൃതർ അറിയിച്ചു.

ആലുവയിൽ നിന്നും പുക്കാട്ടുപടി ഭാഗത്തേക്ക് പോവുകയായിരുന്ന ‘സെന്റ് തോമസ്’ ബസ്സും എതിർദിശയിൽ ആലുവ ഭാഗത്തേക്ക് വരികയായിരുന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ബസ് ഡ്രൈവർ പ്രസാദിനും അപകടത്തിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ തലയ്ക്കും കൈക്കുമാണ് പരിക്ക്.

അപകടത്തെത്തുടർന്ന് ആലുവ-പുക്കാട്ടുപടി റോഡിൽ ഏറെനേരം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പിന്നീട് ക്രെയിൻ എത്തിച്ച് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡരികിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. മഴയുള്ള സമയമായതിനാൽ റോഡിലെ വഴുക്കലാണോ അമിതവേഗതയാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

Related Articles

Latest Articles