Tuesday, September 22, 2026

സ്വർണ്ണക്കടയല്ല, ലക്ഷ്യം വിദേശനാണ്യം; സ്വർണ്ണ ഉപഭോഗം കുറയ്ക്കാൻ രാജ്യത്തോട് പ്രധാനമന്ത്രി, കാരണം ഇത്

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആഗോള വിതരണ ശൃംഖലയെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ വിദേശനാണ്യശേഖരം (Forex Reserve) സംരക്ഷിക്കാൻ പൗരന്മാരോട് ചില നിർണ്ണായക അഭ്യർത്ഥനകൾ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കുക, പെട്രോൾ-ഡീസൽ ഉപഭോഗം കുറയ്ക്കുക, അനാവശ്യ വിദേശയാത്രകൾ നിയന്ത്രിക്കുക എന്നിവയാണ് അദ്ദേഹം മുന്നോട്ടുവെച്ച പ്രധാന നിർദ്ദേശങ്ങൾ. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കരുത്തുറ്റതാക്കി നിർത്താനാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യ, തങ്ങളുടെ ആവശ്യത്തിന്റെ 90 ശതമാനത്തിലധികം സ്വർണ്ണവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഓരോ വർഷവും ശരാശരി 700-800 ടൺ സ്വർണ്ണം ഇന്ത്യക്കാർ വാങ്ങുമ്പോൾ രാജ്യത്തെ ഉത്പാദനം വെറും 1-2 ടൺ മാത്രമാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ബിൽ 72 ബില്യൺ ഡോളറായി കുതിച്ചുയർന്നിരുന്നു. തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ 24 ശതമാനം വർധനവാണിത് രേഖപ്പെടുത്തിയത്.

രാജ്യത്തെ ഇറക്കുമതി പട്ടികയിൽ അസംസ്‌കൃത എണ്ണയ്ക്ക് തൊട്ടുപിന്നാലെയാണ് സ്വർണ്ണത്തിന്റെ സ്ഥാനം. വിദേശനാണ്യം വലിയ തോതിൽ ചിലവാകുന്നുണ്ടെങ്കിലും സ്വർണ്ണ ഇറക്കുമതി രാജ്യത്തിന്റെ വ്യവസായ ഉത്പാദനത്തിനോ കയറ്റുമതിക്കോ കാര്യമായ ഗുണം ചെയ്യുന്നില്ല എന്നതാണ് വസ്തുത. പശ്ചിമേഷ്യൻ സംഘർഷം മൂലം എണ്ണവില വർധിക്കുന്നത് വിദേശനാണ്യ ശേഖരത്തിന്മേൽ വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. അതിനാൽ തന്നെ, അനാവശ്യമായ സ്വർണ്ണ ഇറക്കുമതി കുറയ്ക്കുന്നത് വഴി ഈ സമ്മർദ്ദത്തിന് ആശ്വാസം നൽകാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

സ്വർണ്ണത്തെ ഒരു സുരക്ഷിത ഗാർഹിക ആസ്തിയായി ഇന്ത്യക്കാർ കാണുന്നുണ്ടെങ്കിലും, സമ്പദ്‌വ്യവസ്ഥയുടെ വീക്ഷണത്തിൽ ഇത് ഉത്പാദനപരമായ നേട്ടങ്ങൾ സൃഷ്ടിക്കാതെ വിദേശനാണ്യം പുറത്തേക്ക് പോകുന്നതിന് കാരണമാകുന്നു. ആഗോള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഈ സമയത്ത് സ്വർണ്ണ ഉപഭോഗം കുറയ്ക്കുന്നതിലൂടെ രാജ്യത്തിന്റെ ‘ഇംപോർട്ട് ബില്ലിൽ’ വലിയ ലാഭം ഉണ്ടാക്കാൻ കഴിയുമെന്ന് സർക്കാർ കരുതുന്നു.

ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതിയിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ ഈ അഭ്യർത്ഥന വരുന്നത് എന്നത് ശ്രദ്ധേയമാണ്. 2026 ജനുവരിയിൽ 100 ടണ്ണായിരുന്ന ഇറക്കുമതി ഫെബ്രുവരിയിൽ 65 ടണ്ണായും മാർച്ചിൽ 20 ടണ്ണായും കുറഞ്ഞിരുന്നു. ഏപ്രിൽ മാസത്തിൽ ഇത് 15 ടണ്ണായി ചുരുങ്ങി. കോവിഡ് കാലഘട്ടം മാറ്റിനിർത്തിയാൽ കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സ്വർണ്ണ ഇറക്കുമതിയാണിത്. ഈ പ്രവണത തുടരുന്നത് വിദേശനാണ്യ ശേഖരം സുരക്ഷിതമായി നിലനിർത്താൻ സഹായിക്കും.

Related Articles

Latest Articles