സമരം നടത്താനുള്ള തീരുമാനം പിൻവലിച്ചതായി സംസ്ഥാന സ്വകാര്യ ബസുടമകൾ പറഞ്ഞു. ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചതിനു പിന്നാലെയാണ് തീരുമാനമെടുത്തത്. ബസുടമകളുടെ ന്യായമായ ആവശ്യം പരിഗണിച്ചതിൽ സന്തോഷമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ വ്യക്തമാക്കി.
ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും അതിന് തീരുമാനം ഉണ്ടായില്ല. തുടർന്നാണ് അനിശ്ചിത കാല സമരത്തിലേക്ക് പോകാന്‍ സ്വകാര്യ ബസുടമകള്‍ തയാറെടുത്തത്. ഒപ്പം ടാക്സ് ഇളവും സംഘടന ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും നിരക്കു വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് അനിശ്ചിത കാല സമരം തീരുമാനിക്കുമെന്ന് ഉടമകൾ അറിയിച്ചിരുന്നത്. നിരക്ക് വർധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിസംബറിൽ സമരം പ്രഖ്യാപിച്ചെങ്കിലും ക്രിസ്തുമസ്, ന്യൂ ഇയര്‍ തിരക്ക് പ്രമാണിച്ച് സമരം പിന്‍വലിച്ചിരുന്നു.

