Saturday, May 18, 2024
spot_img

ബ്രിട്ടീഷ് നഗരങ്ങളിൽ പാലസ്തീൻ അനുകൂല റാലി ; മുഴങ്ങിയത് ഹമാസ് അനുകൂല മുദ്രാവാക്യങ്ങൾ !; ഗതാഗത തടസ്സം വരുത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കി പോലീസ്; യുറോപ്പിലെ സമാധാനത്തിന് ഭംഗം വരുത്താനും ഹമാസിന് പദ്ധതിയോ ?

ലണ്ടൻ : ടെൽ അവീവിൽ പറന്നിറങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് ഇസ്രയേലിനുള്ള തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചത് ലോക മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ബ്രിട്ടിഷ് സർക്കാർ പരസ്യമായി ഇസ്രയേലിന്റെ ഗാസയിലെ പ്രത്യാക്രമണത്തെ പിന്തുണയ്ക്കുമ്പോഴും പാലസ്തീൻ അനുകൂല നിലപാടുമായി ലക്ഷക്കണക്കിന് ആളുകളാണ് ബ്രിട്ടനിലെ വൻനഗരങ്ങളിൽ ഇന്നലെ നടന്ന വിവിധ പാലസ്തീൻ അനുകൂല റാലിയിലും ധർണയിലും പങ്കെടുത്തത്. പാലസ്തീൻ ജനങ്ങൾക്കായുള്ള ഐക്യദാർഢ്യം അറിയിക്കുക എന്ന ലക്ഷ്യമാണ് റാലികൾക്കുള്ളതെന്നാണ് വയ്‌പ്പെങ്കിലും റാലിയിൽ മുഴങ്ങിയത് തീവ്രവാദ സംഘടന ഹമാസ് അനുകൂല മുദ്രാവാക്യങ്ങളാണ്.

ലണ്ടൻ ചാരിംങ് ക്രോസ്, സ്കോട്ട്ലൻഡിലെ എഡിൻബറോ, ഗ്ലാസ്ഗോ എന്നിവിടങ്ങളിൽ റാലിയ്ക്കെത്തിയവർ റോഡിൽ കുത്തിയിരുന്ന് ഗതാഗത തടസ്സം സൃഷ്ടിച്ച് പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കാനും ഇവർ ശ്രമിച്ചു. ഇവരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. ലണ്ടനിൽ ധർണയിൽ പങ്കെടുത്ത 11 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്തത് വിദ്വേഷം പരത്തുന്ന മുദ്രാവാക്യം എഴുതി പ്രദർശിപ്പിച്ചതിനാണ്. രാജ്യം നിരോധിത സംഘടനയായി പ്രഖ്യാപിച്ച ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പോസ്റ്റർ പ്രദർശിപ്പിച്ചതിന് ഇയാൾക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ രണ്ടുപേർക്കെതിരെ പൊലീസ് ഓഫിസർമാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനും കേസുണ്ട്.

റിമംബറൻസ് ഡേയുടെ ഭാഗമായുള്ള ആചാരപരമായ പരിപാടികൾ നടക്കുന്ന അടുത്തയാഴ്ച ലണ്ടനിൽ പ്രതിഷേധ മാർച്ചുകൾ അനുവദിക്കില്ല എന്നാണ് സർക്കാർ തീരുമാനം. അന്ന് പ്രതിഷേധ മാർച്ച് നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ അറിയിച്ചു. പ്രകടനം നടന്നാൽ തന്നെ അത് ചടങ്ങുകളെ ബാധിക്കാതിരിക്കാൻ കനത്ത പൊലീസ് സന്നാഹത്തെ നഗരത്തിൽ വിന്യസിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.

കഴിഞ്ഞ മൂന്നാഴ്ചയായി ലണ്ടനിൽ നടന്ന പാലസ്തീൻ അനുകൂല മാർച്ചിൽ പങ്കെടുത്ത 99 പേർക്കെതിരെയാണ് പോലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള നപടികൾ സ്വീകരിച്ചിട്ടുള്ളത്. റാലിയിൽ ഹമാസ് അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുകയും പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തവർക്കെതിരെയും പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles