Saturday, January 10, 2026

പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയെ കേസ്; ഭീകര പ്രവർത്തനം തെളിഞ്ഞെന്ന് കോടതി;പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ നാസർ അടക്കം 6 പ്രതികൾ കുറ്റക്കാർ

കൊച്ചി: മൂവാറ്റുപുഴയിൽ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈപ്പത്തിവെട്ടിയ കേസിൽ രണ്ടാംഘട്ട വിധി പ്രസ്താവിച്ച് കോടതി. പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ നാസർ അടക്കം 6 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ്‌ റാഫി, മൻസൂർ എന്നിവരെയാണ് വെറുതെ വിട്ടത്. ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്ന് എന്‍ഐഎ കോടതി പറഞ്ഞു. ഭീകരപ്രവർത്തനം, ഗൂഢാലോചന, 143 ആയുധം കൈവശം വെച്ചതിന്, ഒളിവിൽ പോയത്, കാറിന് നാശം വരുത്തിയത്, പ്രൊഫസർ ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞു. കേസിലെ ഒന്നാം പ്രതിയായ സവാദ് ഇപ്പോഴും ഒളിവിലാണ്.

സംഭവത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലർഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സവാദ് ഉൾപ്പെടെ പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. ആദ്യഘട്ടത്തിൽ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേർ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കിയത്. തൊടുപുഴ ന്യൂമാൻ കോളജിലെ ബികോം മലയാളം ഇന്‍റേണൽ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികൾ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇപ്പോൾ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് എൻ ഐ എ കണ്ടെത്തൽ.

Related Articles

Latest Articles