Friday, May 3, 2024
spot_img

വീടിന്റെ ദോഷം മാറാൻ സ്വർണ്ണക്കുരിശ് നിർമ്മിച്ചാൽ മതിയെന്ന് വാഗ്ദാനം;വീട്ടമ്മയിൽ നിന്ന് തട്ടിയെടുത്തത് 21 പവൻ;2 സ്ത്രീകൾ അറസ്റ്റിൽ

പത്തനംതിട്ട:വീടിന്റെ ദോഷം സ്വർണ്ണക്കുരിശ് നിർമിച്ചാൽ മാറുമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന്
തട്ടിയെടുത്തത് ഇരുപത്തി ഒന്ന് പവൻ സ്വർണം.കേസിൽ സ്ത്രീകൾ അറസ്റ്റിൽ.പത്തനംതിട്ട പള്ളിക്കൽ സ്വദേശിനി ദേവി, കൊല്ലം കലയപുരം സ്വദേശിനി സുമതി എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം.

അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെയാണ് ഇരുവരും കബളിപ്പിച്ചത്. കിടങ്ങൂർ അമ്മാവൻപടി ഭാഗത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്നു ദേവിയും, സുമതിയും. കത്തിയും, വാക്കത്തിയും വീടുകൾ തോറും കയറി വില്പന നടത്തിയായിരുന്നു ഉപജീവനം. ഇതിനിടയിലാണ് അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ പരിചയപ്പെട്ടത്.

വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കില്‍ സ്വർണ്ണം കൊണ്ട് കുരിശ് പണിതാൽ മതി എന്നും ഇരുവരും വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ഇവരുടെ കയ്യിൽ നിന്നും പലപ്പോഴായി 21 പവൻ സ്വർണം കൈക്കലാക്കുകയായിരുന്നു. വീട്ടമ്മയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ പരാതി നല്‍കുകയായിരുന്നു. ദേവിയും സുമതിയും സമാന രീതിയിൽ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ പ്രതികൾ ഉണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

Related Articles

Latest Articles