കണ്ണൂർ: സിൽവർ ലൈനിന് എതിരെ സംസ്ഥാനത്ത് പ്രതിഷേധാഗ്നി (Protest Against Silver Line) പടരുന്നു. ലൈനിനായി സ്ഥാപിച്ച സർവേക്കല്ല് വീണ്ടും പിഴുതെറിഞ്ഞ നിലയിൽ കണ്ടെത്തി. മാടായിപ്പാറയിൽ സ്ഥാപിച്ച കല്ലാണ് പിഴുതെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. എട്ട് സർവേക്കല്ലുകൾ പിഴുതെടുത്ത് റീത്തുവച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം.
എന്നാൽ കല്ല് പിഴുത് കളഞ്ഞത് ആരാണെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പാറക്കുളത്തിന് സമീപവും സർവേക്കല്ല് പിഴുതുമാറ്റിയിരുന്നു. സർവേയ്‌ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞ സംഭവവും ഉണ്ടായിരുന്നു. സിൽവർ ലൈൻ സർവേക്കെതിരെ പ്രതിഷേധം നിലനിൽക്കുന്ന സ്ഥലമാണ് മാടായിപ്പാറ. വിവിധ സമിതികൾ രൂപീകരിച്ച് പദ്ധതിക്കായി സർവേക്കല്ല് സ്ഥാപിക്കാനും സർവേ നടത്താൻ അനുവദിക്കില്ലെന്നും നിലപാട് എടുത്തിരുന്നു. സംഭവത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്നാണ് മാടായിപ്പാറ സംരക്ഷണ സമിതിയും സിൽവർ ലൈൻ വിരുദ്ധ സമിതിയും പറയുന്നത്.

