പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പേരിൽ സർക്കാർ ജീവനക്കാരെ വഞ്ചിച്ച സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ട് സ്റ്റേറ്റ് എൻ.പി.എസ്. എംപ്ലോയീസ് കളക്ടീവ് കേരള (SNPSECK) . പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട് വിരമിച്ച സർക്കാർ ജീവനക്കാർ മാന്യമായി ജീവിക്കാൻ കഴിയുന്ന അവസ്ഥ സൃഷ്ടിക്കണമെന്ന ആവശ്യവുമായി നടക്കുന്ന കണ്ണീർ സത്യാഗ്രഹത്തോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിരമിച്ച ജീവനക്കാരും സംഘടനാ പ്രവർത്തകരും സമരവേദിയിലെത്തി പ്രതിഷേധത്തിൽ പങ്കാളികളായി.
സെക്രട്ടറിയേറ്റ് നടയിൽ നടന്ന രാപ്പകൽ സമരത്തിന്റെ ഉദ്ഘാടനം SNPSECK സംസ്ഥാന പ്രസിഡണ്ട് ലാസർ പണിക്കശ്ശേരി നിർവഹിച്ചു. ജീവിതത്തിന്റെ ഏറ്റവും നല്ല വർഷങ്ങൾ സർക്കാർ സേവനത്തിനായി സമർപ്പിച്ച ജീവനക്കാരെ വിരമിച്ച ശേഷം അവഗണിക്കുന്ന ഭരണകൂട സമീപനം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സേവനത്തിൽ പ്രവേശിച്ച സമയത്ത് വാഗ്ദാനം ചെയ്ത സുരക്ഷിതമായ വിരമിക്കൽ ജീവിതം ഇന്ന് പലർക്കും സ്വപ്നമായി മാറിയിരിക്കുകയാണെന്നും, പങ്കാളിത്ത പെൻഷൻ പദ്ധതി ജീവനക്കാരുടെ ഭാവി തകർക്കുന്ന സംവിധാനമായി മാറിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമരത്തിന് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വിജീഷ് ചെടിച്ചേരി അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീനി ഡി നടത്തി. പങ്കാളിത്ത പെൻഷൻ പദ്ധതി സർക്കാർ ജീവനക്കാരെ രണ്ട് തട്ടുകളാക്കി തിരിക്കുന്നതാണെന്നും, ഒരേ സർക്കാർ സേവനം ചെയ്തിട്ടും ഒരു വിഭാഗത്തിന് പൂർണ്ണ പെൻഷനും മറ്റൊരു വിഭാഗത്തിന് അപര്യാപ്തമായ പെൻഷനും നൽകുന്നത് കടുത്ത അനീതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. KSR Part III പ്രകാരമുള്ള പെൻഷൻ അവകാശം നിഷേധിക്കപ്പെടുന്ന ജീവനക്കാർ ഇന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും, ഇത് ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ശ്രീനി ഡി പറഞ്ഞു.
രാപ്പകൽ സമരത്തെക്കുറിച്ച് വിശദീകരണം സംസ്ഥാന ട്രഷറർ ഷാഹീദ് റഫീഖ് നടത്തി. പങ്കാളിത്ത പെൻഷൻ പദ്ധതി ഒരു മാർക്കറ്റ് അധിഷ്ഠിത സംവിധാനമാണെന്നും, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് ജീവനക്കാരുടെ ജീവിതം ബലിയാടാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. NPS പ്രകാരം വിരമിച്ച ജീവനക്കാർക്ക് ലഭിക്കുന്ന തുക, ഇന്നത്തെ ജീവിത ചെലവുകൾക്കിടയിൽ ജീവിക്കാൻ പോലും മതിയാകുന്നില്ലെന്നും, ചികിത്സയ്ക്കും മരുന്നിനും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പലരും എത്തിപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സമരവേദിയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ജോയിൻ്റ് സെക്രട്ടറി മോഹനനും വൈസ് പ്രസിഡണ്ട് മുസ്തഫയും സംസാരിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി സമ്പൂർണ്ണമായി പരാജയപ്പെട്ട ഒരു പരീക്ഷണമാണെന്നും, സർക്കാർ ജീവനക്കാരുടെ ഭാവി സുരക്ഷിതമാക്കാൻ പഴയ പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കാതെ മറ്റൊരു മാർഗമില്ലെന്നും അവർ അഭിപ്രായപ്പെട്ടു. വിരമിച്ച ജീവനക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ സമൂഹം തിരിച്ചറിയണമെന്നും, ഇത് ഒരു വിഭാഗത്തിന്റെ പ്രശ്നമല്ല, ആയിരക്കണക്കിന് കുടുംബങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നമാണെന്നും നേതാക്കൾ പറഞ്ഞു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് “NPS അറബിക്കടലിൽ” എന്ന മുദ്രാവാക്യത്തോടെ നൽകിയ വാഗ്ദാനം ഒമ്പത് വർഷം പിന്നിട്ടിട്ടും നടപ്പിലാക്കാത്ത സർക്കാരിന്റെ നിലപാടിനെതിരെയും സമരത്തിൽ രൂക്ഷ വിമർശനമുയർന്നു. ഇന്ന് Assured Pension എന്ന പേരിൽ പുതിയ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ച് ജീവനക്കാരെ വീണ്ടും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും, പേരുകൾ മാറിയാലും വഞ്ചനയുടെ ഉള്ളടക്കം മാറുന്നില്ലെന്നും നേതാക്കൾ പറഞ്ഞു. പഴയ പെൻഷൻ പുനഃസ്ഥാപിക്കാതെ ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് യാതൊരു പരിഹാരവും ഉണ്ടാകില്ലെന്നും സമരവേദിയിൽ പ്രഖ്യാപിച്ചു.
പങ്കാളിത്ത പെൻഷൻ പദ്ധതി അവസാനിപ്പിക്കുക, Statutory Pension പുനഃസ്ഥാപിക്കുക, KSR Part III പ്രകാരമുള്ള പൂർണ്ണ പെൻഷൻ എല്ലാ സർക്കാർ ജീവനക്കാർക്കും ഉറപ്പാക്കുക, വിരമിച്ച NPS ജീവനക്കാർക്ക് അടിയന്തിര സാമ്പത്തിക സഹായം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് SNPSECK മുന്നോട്ടുവച്ചിരിക്കുന്നത്. ഈ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നും, സർക്കാർ അനങ്ങാത്ത നിലപാട് തുടരുകയാണെങ്കിൽ സംസ്ഥാനവ്യാപക പ്രക്ഷോഭങ്ങളിലേക്കും കൂടുതൽ ശക്തമായ സമരങ്ങളിലേക്കും നീങ്ങുമെന്നും സംഘടനാ നേതൃത്വം മുന്നറിയിപ്പ് നൽകി.
സെക്രട്ടറിയേറ്റ് നടയിൽ ആരംഭിച്ച രാപ്പകൽ സമരം, സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്ക് പുതിയ ഊർജം നൽകുന്നതായാണ് വിലയിരുത്തപ്പെടുന്നത്. സർക്കാർ ജീവനക്കാരുടെ ക്ഷമ പരീക്ഷിക്കരുതെന്നും, ഇത് ഒരു സംഘടനയുടെ സമരമല്ല, മറിച്ച് ആയിരക്കണക്കിന് വിരമിച്ച ജീവനക്കാരുടെ ജീവിതമരണ പോരാട്ടമാണെന്നും സമരനേതാക്കൾ വ്യക്തമാക്കി. സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് നീതിയുക്തമായ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് SNPSECKയുടെ രാപ്പകൽ സമരം തുടരുന്നത്…

