തൃശൂർ: വനിതാ കമ്മീഷനു നേരെ മുളകുപൊടി എറിഞ്ഞ് വയോധിക(Protest Against Womens Commission). തൃശ്ശൂരിലാണ് സംഭവം. ടൗൺഹാളിൽ വനിതാ കമ്മീഷൻ സിറ്റിങ്ങിൽ പരാതിയുമായി എത്തിയ എഴുപത് വയസുകാരിയാണ് മുളകുപൊടി എറിഞ്ഞത്. താൻ നൽകിയ പരാതിയിൽ കമ്മീഷൻ സ്വീകരിച്ച നടപടിയിൽ തൃപ്തിയില്ലെന്ന കാരണം പറഞ്ഞായിരുന്നു അക്രമം എന്നാണ് വിവരം. വയോധികയ്ക്ക് മനോദൗർബല്യമുണ്ടെന്നാണ് വിവരം.
ഭർത്താവ് മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് ആരോപിച്ച് ഇവർ വനിതാ കമ്മീഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇന്ന് കമ്മീഷൻ പരാതി പരിഗണിച്ചിരുന്നില്ല. എന്നാൽ സിറ്റിങ്ങിനിടെ ഹാളിലെത്തിയ വയോധിക കയ്യിൽ കരുതിയിരുന്ന പാക്കറ്റ് പൊട്ടിച്ച് മുളകുപൊടി സ്റ്റേജിലേക്ക് വിതറുകയായിരുന്നു. ഫാനിട്ടിരുന്നതിനാൽ മുളകുപൊടി പറന്ന് എല്ലാവരുടേയും കണ്ണിലും ശരീരത്തിലുമായി. ഇതിനിടെ പോലീസ് എത്തി സ്ത്രീയെ പിടികൂടുകയായിരുന്നു. ഇവർക്കെതിരെ കേസെടുത്തിട്ടില്ല എന്നാണ് വിവരം.

