ടെഹ്റാൻ: ഇറാനിൽ ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിന് മതമൗലികവാദികൾ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കത്തുന്നു. മരിച്ച മഹ്സ അമിനി (22) ക്കു നീതി നേടി ‘മഹ്സ അമിനി’ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ പേർഷ്യൻ ഭാഷയിൽ ട്രെൻഡിങ്ങായി. ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന് ആരോപിച്ചാണു മതപൊലീസ് കഴിഞ്ഞയാഴ്ച യുവതിയെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ മർദ്ദനമേറ്റാണു യുവതി മരിച്ചതെന്ന ആരോപണം പൊലീസ് നിഷേധിച്ചു. തടങ്കലിലുള്ള മറ്റു സ്ത്രീകൾക്കൊപ്പം കഴിയുമ്പോൾ കുഴഞ്ഞുവീണാണു മരിച്ചതെന്നാണു പൊലീസിന്റെ ആരോപണം. മഹ്‌സ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.
എന്നാൽ പെൺകുട്ടിക്കു ഹൃദയസംബന്ധമായ ഒരു അസുഖവുമില്ലെന്നു ബന്ധുക്കൾ വ്യക്തമാക്കുന്നു. ടെഹ്റാൻ യൂണിവേഴ്സിറ്റിക്കു പുറത്ത് ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യമുയർത്തി സമരക്കാർ അണിനിരന്നു. മുഖാവരണം മാറ്റി സമരത്തിൽ അണിചേരാനും ചില കേന്ദ്രങ്ങളിൽനിന്ന് ആഹ്വാനമുണ്ടായി. കുർദുകൾക്കു ഭൂരിപക്ഷമുള്ള മേഖലയിൽ നിന്നുള്ള യുവതിയാണു മരിച്ച അമിനി.

