ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളുടെ സർവ്വേ നടത്തുന്നതിൽ എതിർപ്പില്ലെന്ന് പ്രമുഖ ഇസ്ലാമിക് സെമിനാരി ദാറുൽ ഉലൂം ദിയോബന്ദ്. ചിലർ നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ എല്ലാ സ്ഥാപനങ്ങളും മുഴുവൻ സംവിധാനവും അപമാനിക്കപ്പെടരുതെന്ന് സംഘടന വ്യക്തമാക്കി.
ഒന്നും മറച്ചുവെക്കാനില്ലാത്തതിനാൽ സർവേയിൽ സഹകരിക്കാൻ എല്ലാ മദ്രസ മാനേജ്‌മെന്റുകളോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സംഘടന അദ്ധ്യക്ഷൻ വ്യക്തമാക്കി. മാനേജ്മെന്റുകൾ ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരങ്ങൾ നൽകണമെന്നും അവരുടെ പരിസരത്ത് ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ഭൂരേഖകൾ ഓഡിറ്റ് റിപ്പോർട്ടുകൾ തുടങ്ങിയ രേഖകളും തയ്യാറാക്കി സൂക്ഷിക്കണമെന്നും അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.
സർക്കാർ ഭൂമിയിൽ അനധികൃതമായി മദ്രസ പണിയുകയും കോടതി അത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, ശരിയത്ത് ഇത് അനുവദിക്കാത്തതിനാൽ മുസ്ലീങ്ങൾ തന്നെ അത് നീക്കം ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു.

