വെനസ്വേലയിൽ കൂറ്റൻ ശക്തി പ്രകടനം നടത്തുമെന്ന് സ്വയം പ്രഖ്യാപിത പ്രസിഡന്‍റ് യുവാൻ ഗെയ്ദോ. വിദേശ സന്ദർശനങ്ങൾ പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ ശേഷമായിരിക്കും പരിപാടികളെന്നും ഗെയ്ദോ പറഞ്ഞു. വെനസ്വേലയുടെ അതിർത്തികളിൽ പ്രക്ഷോഭകരുമായുള്ള സൈന്യത്തിന്‍റെ ഏറ്റുമുട്ടൽ തുടരുകയാണ്.

ബ്രസീൽ, അർജന്‍റീന, പരാഗ്വേ, കൊളംബിയ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ സന്ദർശിച്ച് പിന്തുണ ഉറപ്പിക്കുകയാണ് സ്വയം പ്രഖ്യാപിത പ്രസിഡന്‍റ് യുവാൻ ഗെയ്ദോ. ഒടുവിലത്തെ സന്ദർശനം ഇക്വഡോറിലായിരുന്നു. സന്ദർശനം പൂർത്തിയാക്കി ഇന്നോ നാളെയോ ഗെയ്ദോ വെനസ്വേലയിലേക്ക് മടങ്ങിയെത്തുമെന്നും അറിയിച്ചു. ഇതിന് ശേഷമായിരിക്കും ശക്തി പ്രകടനവും പ്രതിഷേധങ്ങളും സംഘടിപ്പിക്കുക.

എന്നാൽ, വെനസ്വേലയിലേക്ക് മടങ്ങി വന്നാൽ മഡൂറോയുടെ സർക്കാർ അറസ്റ്റ് ചെയ്തേക്കുമെന്ന് ഗെയ്ദോയ് ആശങ്കയുമുണ്ട്. അതേ സമയം വെനസ്വേലയുടെ അതിര്‍ത്തിയില്‍ പ്രക്ഷോഭകരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ബ്രസീലും കൊളംബിയയുമായുള്ള അതിര്‍ത്തി വെനസ്വേല അടച്ചതിന് ശേഷമാണ് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനസ്വേലയിലേക്ക് അയല്‍ രാജ്യങ്ങളില്‍ നിന്നെത്തിച്ച ദുരിതാശ്വാസ സാമഗ്രികള്‍ ഇപ്പോഴും അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുകയാണ്. വിലക്ക് അവഗണിച്ച് ദുരിതാശ്വാസ സാമഗ്രികള്‍ കൈപ്പറ്റുന്നതിനായി പ്രക്ഷോഭകര്‍ ശ്രമിക്കുന്നതാണ് സംഘർഷങ്ങൾക്ക് കാരണം