Saturday, May 18, 2024
spot_img

ഹൈക്കോടതിയെ വെല്ലുവിളിച്ച് സമരക്കാരും പോലീസും; പാപ്പനംകോട് കെഎസ്ആര്‍ടിസി ജീവനക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കിരാതനടപടിക്കെതിരെ പ്രതിഷേധവുമായി ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ്

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ച സംഭവത്തിൽ സമരക്കാർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ്. ജീവനക്കാരേയും യാത്രക്കാരേയും പാപ്പനംകോട് വച്ച് സമരക്കാർ മർദ്ദിച്ചത് പോലീസ് ഒത്താശയോടെയാണ് എന്ന് ഇവർ ആരോപിച്ചു.

‘ജനവിരുദ്ധ ദ്വിദിന ദേശീയ പണിമുടക്കിനെ ഇന്ത്യയിലെമ്പാടും തൊഴിലാളികളും പൊതുസമൂഹവും തള്ളിക്കളഞ്ഞതിനൊപ്പം കേരളത്തിലെ ജനങ്ങളും കൈയ്യൊഴിഞ്ഞു. പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കരുതെന്ന ഹൈക്കോടതി വിധി സംയുക്ത യൂണിയൻ നേതാക്കൾക്ക് ഇരുട്ടടിയായി. രണ്ട് ദിവസം ശമ്പളത്തോടെ സമരത്തിൻ്റെ പേരിൽ അവധിയെടുത്ത് ആഘോഷിക്കാമെന്ന മോഹം പൊലിഞ്ഞു. ഇന്ന് പണിമുടക്ക് ആഹ്വാനം കേരളത്തിലെമ്പാടും ജനങ്ങൾ തള്ളിക്കളയുന്ന കാഴ്ചയാണ് കണ്ടത്. പാവപ്പെട്ടവരുടെ യാത്രാമാർഗ്ഗമായ കെഎസ്ആര്‍ടിസി നൂറു കണക്കിന് വാഹനങ്ങൾ നിരത്തിലിറക്കിയതോടെ പണിമുടക്ക് അക്ഷരാർത്ഥത്തിൽ സമ്പൂർണ്ണ പരാജയമായി.’- ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു

അതേസമയം പണിമുടക്ക് പരാജയത്തിൻ്റെ ജാള്യത മറയ്ക്കാൻ കേരളത്തിലെമ്പാടും സമാനതകളില്ലാത്ത ആക്രമണം അഴിച്ചുവിടുന്ന കാഴ്ചയാണ് കണ്ടതെന്നും. വാഹനങ്ങൾ നടുറോഡിൽ തടഞ്ഞിട്ട് രോഗികളായ യാത്രക്കാരെയും കുട്ടികളെയുമുൾപ്പെടെ പൊരിവെയിലത്തു നിർത്തിയെന്നും നിയമ വാഴ്ച നടത്താൻ ബാദ്ധ്യസ്ഥരായ പോലീസ് കൈയ്യും കെട്ടി നോക്കിനിന്നുവെന്നും. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്നും കളിയിക്കാവിളയ്ക്ക് RCCയിൽ നിന്നും മടങ്ങിവന്ന രോഗികളുമായി പോയ കെഎസ്ആര്‍ടിസി ബസ് പാപ്പനംകോട് വച്ച് തടഞ്ഞ്, അകത്തുകയറി അക്രമം നടത്തിയ ഗുണ്ടകൾക്ക് ജീവനക്കാരേയും യാത്രക്കാരേയും മർദ്ദിക്കാൻ ഒത്താശ ചെയ്തത് പോലീസാണെന്ന സത്യം കേരളത്തിലെ നിയമ വാഴ്ചയുടെ ദയനീയ ചിത്രം വ്യക്തമാക്കുന്നുവെന്നും. പോലീസിൻ്റെ കൺമുന്നിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ജീവനക്കാരെ മർദ്ദിച്ചിട്ടും ഈ സമയം വരേയും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് ഹൈക്കോടതി വിധിയോടുള്ള വെല്ലുവിളിയാന്നെന്നും വിലയിരുത്തണമെന്നും പാപ്പനംകോട് വച്ച് കെഎസ്ആര്‍ടിസി വാഹനം ആക്രമിച്ച് ജീവനക്കാരെ മർദ്ദിച്ച ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.

Related Articles

Latest Articles