Wednesday, January 14, 2026

കള്ളപ്പണം പിടികൂടിയ സ്ഥലത്ത് പോയിരുന്നു; ഉദ്യോഗസ്ഥരെ കണ്ട് ഓടി പോകാന്‍ ശ്രമിച്ചെന്നത് വ്യാജപ്രചാരണം; പി ടി തോമസ് എംഎല്‍എ

കൊച്ചി: കൊച്ചിയിൽ 88 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയ സംഭവസ്ഥലത്ത് പോയിരുന്നുവെന്ന് പി ടി തോമസ് എംഎല്‍എ. സംഭവസ്ഥലത്ത് മറ്റൊരാവശ്യത്തിനായി പോയിരുന്നുവെന്നും എന്നാല്‍ ഉദ്യോഗസ്ഥരെ കണ്ട് ഓടി പോകാന്‍ ശ്രമിച്ചെന്നത് വ്യാജപ്രചാരണമാണെന്ന് തൃക്കാക്കര എംഎല്‍എ പി ടി തോമസ് പറഞ്ഞു. തന്റെ മുന്‍ ഡ്രൈവറുടെ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ടാണ് സംഭവസ്ഥലത്ത് പോയതെന്നും മടങ്ങുന്ന വഴി ചിലര്‍ അവിടേക്ക് പോകുന്നത് കണ്ടു. പിന്നീടാണ് അത് ആദായനികുതി ഉദ്യോഗസ്ഥരാണെന്ന് മനസ്സിലാകുന്നതെന്നും പി ടി തോമസ് എംഎല്‍എ പറയുന്നു

ഭൂമി കച്ചവടത്തിന്റെ മറവില്‍ കള്ളപ്പണം കൈമാറാന്‍ ശ്രമത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. സ്ഥലമിടപാടിനായി രാധാകൃഷ്ണന്‍ കൊണ്ടുവന്ന പണമാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തതെന്നാണ് സൂചനകള്‍. കോടികള്‍ മൂല്യമുള്ള ഭൂമി ഇടപാടില്‍ നിന്നാണ് 88 ലക്ഷം രൂപ പിടികൂടിയതെന്നാണ് റിപ്പോർട്ട്. അതേസമയം ഈ ഇടപാടില്‍ എംഎല്‍എയുടെ പങ്ക് എന്താണെന്ന് ആദായ നികുതി വകുപ്പ് പരിശോധിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനടുത്തുളള രാജീവന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ പണം കണ്ടെടുക്കുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ സ്ഥലത്തുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥരെത്തിയതിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടെന്നുമായിരുന്നു പ്രചാരണം. കൂടാതെ പി ടി തോമസ് എംഎല്‍എയ്‌ക്കൊപ്പം കൊച്ചി നഗരസഭയിലെ കൗണ്‍സിലറും ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു.

Related Articles

Latest Articles