ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള സൈനിക നടപടിയില്‍ 18 ഭീകരരെ വധിച്ചതായി ഇന്ത്യന്‍ സേന. ശ്രീനഗറില്‍ സൈന്യവും സിആർപിഎഫും വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പുല്‍വാമ ആക്രമണത്തിന്‍റെ സൂത്രധാരനടക്കം 18 ഭീകരരെ വധിച്ചതായി ഇന്ത്യന്‍ സേന അറിയിച്ചത്.

സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 18 പേരില്‍ എട്ടു പേര്‍ പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളും ആറ് പേര്‍ ജെയ്ഷെ മുഹമ്മദ് ഭീകരരാണെന്നും സേന അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ആരംഭിച്ച സൈനിക നടപടിയിലൂടെ ജമ്മുകശ്മീരിലെ ഭീകര സംഘടനകളുടെ ഒരു വലിയ ശൃംഖലയെ തന്നെ ഇല്ലാതാക്കാനായെന്നും സേന പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ ത്രാലില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ മുദസ്സിര്‍ അഹമ്മദ് ഖാനെ വധിച്ചതായും സൈന്യം അറിയിച്ചു. മുദസ്സിര്‍ അഹമ്മദ് ഖാനാണ് പുല്‍വാമയില്‍ മനുഷ്യ ബോംബായി മാറിയ ആദില്‍ മുഹമ്മദിന് സ്ഫോടക വസ്തുക്കളും കാറും നല്‍കിയതെന്നും സൈന്യം അറിയിച്ചു.

ഡിഗ്രിയും ഇലക്‌ട്രോണിക്സില്‍ ഡിപ്ലോമയുമുള്ള മുദസ്സിര്‍ 2017ലാണ് ജെയ്ഷെ ക്യാമ്ബിലെത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട 23കാരനായ മുദസ്സിറിനെ വധിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സൈന്യം പറഞ്ഞു. ത്രാലില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ എറ്റുമുട്ടലില്‍ മൊത്തം മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു