അകാലത്തിൽ പൊലിഞ്ഞ കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ജെയിംസ് ഇന്ന് തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. നടന്റെ പിറന്നാൾ ദിനമായതിനാലാണ് ഇന്ന് തന്നെ ചിത്രം റിലീസ് ചെയ്യുന്നത്.
പുനീത് മരിച്ചതിന് ശേഷം തിയറ്ററിൽ എത്തുന്ന സിനിമയ്ക്ക് വലിയ സ്വീകരണം നൽകാൻ ആരാധകരും കന്നഡ സിനിമാലോകവും തീരുമാനിച്ചിരുന്നു. ഇതേതുടർന്ന് ചിത്രത്തിന്റെ റിലീസ് ദിവസം മുതൽ ഒരാഴ്ചത്തേക്ക് കന്നടയിലെ മറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. തങ്ങളുടെ പ്രിയതാരത്തെ അവസാനമായി കാണാനായി നിരവധി ആരാധകരാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്. സൈനികന്റെ വേഷത്തിലാണ് ചിത്രത്തില്‍ പുനീത് എത്തിയത്.
ഒരു പാട്ടും ആക്ഷന്‍ സീക്വന്‍സും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീത് വിടപറഞ്ഞത്. പ്രിയ ആനന്ദ്, അനു പ്രഭാകർ, ശ്രീകാന്ത്, ശരത് കുമാർ, മുകേഷ് റിഷി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
കന്നടയിലെ പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന പുനീത് രാജ്കുമാർ കഴിഞ്ഞ ഒക്റ്റോബറിലാണ് ഹൃദയാഘാതത്തെ തുടർന്ന് വിടപറയുന്നത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ പുനീതിന് ഉണ്ടായിരുന്നില്ല. ജിമ്മില്‍ വര്‍ക്കൗട്ട് തുടരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു.

