Sunday, December 14, 2025

വികസനകുതിപ്പിലേറാൻ പഞ്ചാബും; പ്രധാനമന്ത്രി ഇന്ന് പഞ്ചാബിൽ; 42,750 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും

ചണ്ഡീഗഡ്: പഞ്ചാബിനെ വികസനകുതിപ്പിലെത്തിലെത്തിക്കാൻ കേന്ദ്ര സർക്കാർ. മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടാൻ പ്രധാനമന്ത്രി ഇന്ന് പഞ്ചാബിലെ ഫിറോസ്പൂരിലെത്തും (PM Modi In Punjab) . ഈ സാഹചര്യത്തിൽ പഞ്ചാബിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.10,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. 42,750 കോടിയുടെ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കുക.

ദില്ലി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേ, പിജിഐ സാറ്റ്‌ലൈറ്റ് സെന്റർ, അമൃത്സർ-യുന സെക്ഷന്റെ വികസനം, മുകേറിയൻ- തൽവാറ റെയിൽവേ ലൈൻ എന്നിവയ്‌ക്ക് അദ്ദേഹം തറക്കല്ലിടും. കപൂർത്തലയിലും ഹോഷിയാപൂരിലും രണ്ട് മെഡിക്കൽ കോളേജുകളുടെ ശിലാസ്ഥാപനവും നടക്കും. 669 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേയുടെ ആകെ ചെലവ് 39,500 കോടി രൂപ വരുമെന്നാണ് കണക്കുകൂട്ടൽ.

ഇത് ദില്ലിയിൽ നിന്ന് അമൃത്സറിലേക്കുള്ള യാത്രാസമയം പകുതിയായി കുറയ്‌ക്കും. സുൽത്താൻപൂർ ലോധി, ഗോയിൻദ്വാൾ സാഹിബ്, ഖദൂർ സാഹിബ്, ടരൺ ടരൺ എന്നീ പ്രധാന സിഖ് മതകേന്ദ്രങ്ങളെയും കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തെയും ഗ്രീൻഫീൽഡ് എക്‌സ്പ്രസ് വേ ബന്ധിപ്പിക്കും. അംബാല, ചണ്ഡീഗഡ്, മൊഹാലി, സംഗ്രൂർ, പട്യാല, ലുധിയാന, ജലന്ധർ, കപൂർത്തല, കത്വ, സാംബ തുടങ്ങി ഹരിയാന, ചണ്ഡീഗഡ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളെയും ഈ എക്‌സ്പ്രസ് വേ ബന്ധിപ്പിക്കും. 1,700 കോടി രൂപ ചെലവിലാണ് അമൃത്സർ-ഉന ഭാഗത്തിന്റെ നാലുവരിപ്പാത നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്.

77 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ പാത അമൃത്സർ-ഭട്ടിൻഡ-ജാംനഗർ സാമ്പത്തിക ഇടനാഴി, ദില്ലി-അമൃത്സർ-കത്ര എക്സ്പ്രസ് വേ, വടക്ക് കിഴക്കൻ ഇടനാഴി, കാങ്ക്ര-ഹമീർപൂർ-ബിലാസ്പൂർ-ഷിംല ഇടനാഴി എന്നിങ്ങനെ നാല് പ്രധാന ദേശീയ പാതകളെ ബന്ധിപ്പിക്കും. തീർത്ഥാടന കേന്ദ്രങ്ങളായ ഘോമാൻ, ശ്രീ ഹർഗോബിന്ദ്പൂർ, പുൽപുക്ത ടൗൺ എന്നീ സ്ഥലങ്ങളെയും ഇത് ബന്ധിപ്പിക്കും. മുകേരിയനും തൽവാരയ്‌ക്കും ഇടയിൽ 27 കിലോമീറ്റർ നീളമുള്ള പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈനിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

410 കോടിയിലധികം രൂപ ചെലവിൽ നിർമ്മിക്കുന്ന യെിൽവേ ലൈൻ നംഗൽ അണക്കെട്ട്-ദൗലത്പൂർ ചൗക്ക് റെയിൽവേ സെക്ഷന്റെ വിപുലീകരണമായിരിക്കും. ജലന്ധർ-ജമ്മു റെയിൽവേ ലൈനുമായി മുകേരിയനിൽ ചേർന്നുകൊണ്ട് ഇത് ജമ്മു കശ്മീരിലേക്കുള്ള ഒരു ബദൽ പാതയാകും. പഞ്ചാബിലെ ഹോഷിയാർപൂരിലെയും ഹിമാചൽ പ്രദേശിലെ ഉനയിലെയും ആളുകൾക്ക് ഈ പദ്ധതി കൂടുതൽ പ്രയോജനമാകും എന്നാണ് വിലയിരുത്തൽ. അതേസമയം പഞ്ചാബിലെ മൂന്ന് പട്ടണങ്ങളിൽ പുതിയ സാറ്റ്ലൈറ്റ് സെൻററിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. ഫിറോസ്പൂരിലെ 100 കിടക്കകളുള്ള പിജിഐ സാറ്റലൈറ്റ് സെന്റർ, 490 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്.

Related Articles

Latest Articles